
വിവാഹം നമ്മുടെ സാംസ്കാരിക പൈതൃകം; ‘ലിവിങ് ടുഗതർ’ നിരോധിക്കണമെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: സ്ത്രീ സംരക്ഷണത്തിന് ലിവ് ഇൻ റിലേഷൻഷിപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി രംഗത്ത്. ബുധനാഴ്ച രാജ്യസഭയിലാണ് ബി.ജെ.പി നേതാവും എം.പിയുമായ അജയ് പ്രതാപ് സിങ് ആവശ്യം ഉന്നയിച്ചത്. മുംബൈയിൽ അടുത്തിടെ നടന്ന സരസ്വതി വൈദ്യ കൊലപാതകക്കേസ് ഉദ്ധരിച്ചാണ് എം.പി ആവശ്യം ഉന്നയിച്ചത്. ലോകത്തിലെ സ്ത്രീകളുടെ കൊലപാതകങ്ങളിൽ ഏകദേശം 38 ശതമാനം അവരുടെ അടുത്ത പങ്കാളികളാലാണ് സംഭവിക്കുന്നതെന്നും സിങ് ചൂണ്ടിക്കാട്ടി.
‘വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയിലെ ഒരു സാംസ്കാരിക പൈതൃകമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നില്ല’- സിങ് പറഞ്ഞു.‘ഇന്ത്യൻ സമൂഹം ഇത് അധാർമികമാണെന്ന് കരുതുന്നുവെങ്കിലും ഇത് നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അധാർമികമാണെങ്കിൽ, നിയമവിരുദ്ധവുമായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാർ ഇത് മനസിലാക്കണം. ലിവ് ഇൻ റിലേഷൻഷിപ്പ് അവസാനിപ്പിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും കഴിയുന്ന നിയമം കൊണ്ടുവരണം.
നാഷനൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) അനുസരിച്ച്, ഏകദേശം 30 ശതമാനം അല്ലെങ്കിൽ വിവാഹിതരായ മൂന്നു സ്ത്രീകളിൽ ഒരാൾ ഗാർഹികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നു. 3.1% ഗർഭിണികൾ അവരുടെ ഗർഭകാലത്ത് ശാരീരിക പീഡനം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ 801 ജില്ലകളിലായി 4.7 ലക്ഷം ഗാർഹിക പീഡനക്കേസുകൾ കെട്ടിക്കിടക്കുന്നതായും എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.