വിമാനത്താവളത്തിൽ കങ്കണയുടെ കരണത്തടിച്ച് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബ്ൾ; ‘കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരം’
text_fieldsമൊഹാലി: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബ്ളിന്‍റെ മർദനം. മൊഹാലി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കങ്കണക്കുനേരെ ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെ വിമാനത്താവളത്തിലെത്തിയ കങ്കണയെ പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്. കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബ്ളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുല്‍വിന്ദര്‍ കൗറിന്‍റെ മാതാവും പങ്കെടുത്തിരുന്നു.
100 രൂപക്കുവേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. സംഭവം അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു
കോൺസ്റ്റബ്ളിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അഭ്യന്തര വകുപ്പിന് പരാതി നൽകുമെന്ന് കങ്കണ പറഞ്ഞു. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ ഒരു സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബ്ൾ മുഖത്ത് അടിക്കുകയും അപമാനിക്കുകയും ചെയ്തതായി അവർ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
സംഭവം ദൗർഭാഗ്യകരമാണെന്നും ആർക്കും ആരെയും മർദിക്കാൻ അവകാശമില്ലെന്നും മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ പ്രതികരിച്ചു. മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കങ്കണ ജയിച്ചത്. മുൻ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.