'പ്രഗ്യയുടെ ഗോമൂത്ര ചികിത്സാ വാദം ജനങ്ങളെ വാക്സിനേഷനിൽനിന്ന് അകറ്റുകയും കൂടുതൽ നാശത്തിന് വഴിയൊരുക്കുകയും ചെയ്യും'
text_fieldsന്യൂഡൽഹി: ഗോമൂത്രം കുടിക്കുന്നത് വഴി കോവിഡിനെ പ്രതിരോധിക്കാമെന്ന ബി.ജെ.പി എം.പി പ്രഗ്യാസിങ്ങിന്റെ പ്രസ്താവനയിൽ വെട്ടിലായിരിക്കുകയാണ് കേന്ദ്രസർക്കാർ. സമൂഹമാധ്യമങ്ങളിലെല്ലാം പ്രഗ്യാസിങ്ങിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്.
ബി.എസ്.പിയുടെ രാജ്യസഭ എം.പി ഡാനിഷ് അലി പ്രഗ്യയുടെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി. ഇത്തരം അഭിപ്രായങ്ങൾ ജനങ്ങളെ വാക്സിനെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്നും ഡാനിഷ് അലി തുറന്നടിച്ചു.
ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകളിൽ കേന്ദ്ര ആരോഗ്യ മേഖലയിലുള്ളവർക്കും കടുത്ത അതൃപ്തിയുണ്ട്. അതിനിടെയാണ് ശാസ്ത്രീയമായി തെളിവില്ലാത്ത ചികിത്സാ രീതികൾ ആയുർവേദമെന്ന പേരിൽ പ്രചരിപ്പിക്കരുതെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത് പറഞ്ഞത്.
ആയുർവേദയുടെ പേരിൽ പലതും പ്രചരിക്കുന്നുണ്ട്. നിങ്ങൾക്ക് ഗുണമെന്ന് തോന്നുമെങ്കിൽ ഉപയോഗിച്ചോളൂ, എന്നാൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലമില്ലാതെ ഇവ പ്രചരിപ്പിക്കരുത്- മോഹൻ ഭഗവത് പറഞ്ഞു.
നേരത്തെ ബി.ജെ.പി എം.പി സുരേന്ദ്ര സിങ്ങും ഗോമൂത്രം കോവിഡിനെപ്രതിരോധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 50 മില്ലി ഗ്രാം ഗോമൂത്രത്തിൽ 100 മില്ലിഗ്രാം വെള്ളം ചേർത്ത് കുടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൃദയ സംബന്ധമായ രോഗങ്ങൾ വരെ ഈ ചികിത്സകൊണ്ട് ഭേദമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂറും സമാനപ്രസ്താവന നടത്തിയിരുന്നു. കോവിഡ് തുരത്താൻ ഹോമം നടത്തുന്നത് ഗുണംചെയ്യുമെന്നും ചാണകം കത്തിച്ചാൽ വീടിന്റെ അന്തരീക്ഷം 12 മണിക്കൂർ അണുവിമുക്തമായിരിക്കുമെന്നും ഉഷ താക്കൂർ പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധിക്കാനായി ഗുജറാത്തിൽ പശുവിന്റെ ചാണകവും മൂത്രവുമെല്ലാം ശരീരത്തിൽ പുരട്ടുന്ന വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും ഇത് ചിലപ്പോൾ ഗുരുതരമായ ബ്ലാക്ക് ഫംഗസിന് കാരണമാകാമെന്നും ഡോക്ടർമാർ ആവർത്തിക്കുന്നു.
'തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ധാരണകളെ സംബന്ധിച്ചിടത്തോളം, ചാണകം കോവിഡിനെ പ്രതിരോധിക്കുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നുവെന്ന അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. രോഗലക്ഷണങ്ങൾക്കാണ് ചികിത്സ നൽകുന്നത്. മാസ്ക ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് അണുബാധ തടയാനുള്ള ഏക മാർഗം' -ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ പൾമോണോളജിസ്റ്റ് ഡോ. ഗ്യാൻ ഭാരതി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.