ബി.ജെ.പി എം.പി പ്രതാപ് സിംഹ വീണ്ടും വെട്ടിൽ; മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
text_fieldsബംഗളൂരു: പാർലമെന്റിൽ അതിക്രമം നടത്തിയ സംഭവത്തിലെ പ്രതികൾക്ക് പാസ് നൽകി കുരുക്കിലായ യുവമോർച്ച മുൻ പ്രസിഡന്റും മൈസൂരു-കുടക് എം.പിയുമായ പ്രതാപ് സിംഹ വീണ്ടും വെട്ടിൽ. അനുമതിയില്ലാതെ കോടികൾ വിലവരുന്ന 126 മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ വിക്രം സിംഹ അറസ്റ്റിലായി. കർണാടകയിലെ ഹാസൻ ജില്ലയിലെ നന്ദഗൊണ്ഡനഹള്ളിയിലെ വനഭൂമിയിൽനിന്ന് 126 മരങ്ങൾ വിക്രം മുറിച്ചുകടത്തിയതായി വനം അധികൃതർ കണ്ടെത്തിയിരുന്നു. കേസെടുത്തതു മുതൽ മുങ്ങിനടന്ന പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച്, വനം വകുപ്പ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപറേഷനിലൂടെയാണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
അതേസമയം തന്റെ കുടുംബത്തെ സിദ്ധരാമയ്യ വേട്ടയാടുകയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മകനെ മത്സരിപ്പിക്കാൻ വഴിയൊരുക്കുകയാണെന്നും പ്രതാപ് സിംഹ ആരോപിച്ചു. ആറരക്കോടി രൂപയുടെ ചെക്ക് കേസിൽ പ്രതിയായ മന്ത്രി മധു ബങ്കാരപ്പയെ ചേർത്തുനിർത്തുന്ന മുഖ്യമന്ത്രി തന്റെ സഹോദരനെ അറസ്റ്റ് ചെയ്യാനാണ് തിടുക്കം കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘തന്റെ മകൻ യതീന്ദ്രയെ മൈസൂരുവിൽനിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാനും വിജയിപ്പിക്കാനും സിദ്ധരാമയ്യ കഠിനാധ്വാനം ചെയ്യുകയും അതിനായി മറ്റുള്ളവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുകയാണ്. നിങ്ങൾ ഒരു മിടുക്കനായ പിതാവാണ്. എല്ലാവർക്കും നിങ്ങളെപ്പോലെ ഒരു പിതാവിനെ ലഭിക്കില്ല. നിങ്ങളുടെ മകനെ വിജയിപ്പിക്കാൻ, പ്രതാപ് സിംഹ തടസ്സമായതിനാൽ നിങ്ങൾ കഠിനമായി പോരാടുകയാണ്’ -എം.പി മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 13ന് പാർലമെന്റിൽ അക്രമം നടത്തിയവർക്ക് പ്രവേശന പാസ് അനുവദിച്ച പ്രതാപ് സിംഹക്കെതിരെ സ്പീക്കർ നിർദേശിച്ച അന്വേഷണം നടക്കുന്ന വേളയിലാണ് മറ്റൊരു ആഘാതമായി സഹോദരന്റെ അറസ്റ്റ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അവമതിക്കുന്ന പരാമർശം നടത്തിയതിന് പ്രതാപ് സിംഹക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.