ഞാൻ ദേശഭക്തനാണോ ദേശദ്രോഹിയാണോ എന്ന് ജനം തീരുമാനിക്കും -പ്രതാപ് സിംഹ എം.പി
text_fieldsബംഗളൂരു: താൻ ദേശദ്രോഹിയാണോ ദേശസ്നേഹിയാണോ എന്ന് ജനം തീരുമാനിക്കുമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളായ യുവാക്കൾക്ക് പാസ് നൽകിയതുമായി ബന്ധപ്പെട്ട ആരോപണമുനയിൽ നിൽക്കവെയാണ് പ്രതാപ് സിംഹ മൈസൂരുവിൽ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
‘പാർലമെന്റിലെ അതിക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനാൽ അക്കാര്യത്തിൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. തനിക്കെതിരെ ഉയർന്ന ദേശദ്രോഹി ആരോപണം ദൈവത്തിനും തന്റെ ജനങ്ങൾക്കും വിട്ടുനൽകുന്നു. അവർ തീരുമാനിക്കട്ടെ, ഞാൻ ദേശദ്രോഹിയാണോ ദേശസ്നേഹിയാണോ എന്നത്. കഴിഞ്ഞ 20 വർഷമായി എന്റെ എഴുത്തുകൾ വായിക്കുന്ന കർണാടകയിലെ വായനക്കാർക്ക് എന്നെ അറിയാം. രാജ്യം, ധർമം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ടാണ് എന്റെ കർമങ്ങൾ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം വോട്ടുകൊണ്ട് വിധിയെഴുതും’ -പ്രതാപ് സിംഹ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി അതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പത്രപ്രവർത്തകനായിരുന്ന പ്രതാപ് സിംഹ 2014 മുതൽ മൈസൂരു-കുടക് മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.