രമേശ് ബിധുരി മുമ്പും കുപ്രസിദ്ധൻ: തെറിവാക്കിൽ മുറിവേറ്റത് സോണിയ മുതൽ കെജ്രിവാൾ വരെയുള്ള പ്രമുഖർ
text_fieldsന്യൂഡൽഹി: സമാജ്‍വാദി എം.പി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപം ചൊരിഞ്ഞ ബി.ജെ.പി നേതാവും ഡൽഹി എം.പിയുമായ രമേശ് ബിധുരി തെറിവിളിയിൽ മുമ്പും കുപ്രസിദ്ധൻ. സോണിയ ഗാന്ധി മുതൽ അരവിന്ദ് കെജ്രിവാൾ വരെയുള്ള പ്രമുഖർ ഇയാളുടെ തെറിവാക്കുകളാൽ മുറിവേറ്റിട്ടുണ്ട്.
പാർലമെന്റിൽ വെച്ച് തന്നെ 2015ൽ കോൺഗ്രസ് വനിത എം.പി രഞ്ജീത് രഞ്ജനെതിരെ ബിധുരി അധിക്ഷേപ പരാമർശം നടത്തിയിരുന്നു. സംഭവത്തിൽ അന്നത്തെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനോട് അവർ ഔദ്യോഗികമായി പരാതിപ്പെട്ടു. “മുൻപും മൂന്നോ നാലോ തവണയെങ്കിലും അയാൾ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബജറ്റ് പ്രസംഗ ചർച്ചയ്ക്കിടെ സംസാരിച്ചപ്പോൾ ‘താൻ ആദ്യം തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യൂ, എന്നാൽ അത്തരം ആനുകൂല്യങ്ങൾ തനിക്ക് നൽകാം’ എന്ന് പറഞ്ഞ് അദ്ദേഹം എനിക്കെതിരെ തിരിയുകയായിരുന്നു. ഞാൻ കുറച്ചുകാലമായി ഇത് അവഗണിക്കുകയാണ്. എന്നാൽ അദ്ദേഹം സ്ത്രീകൾക്കെതിരെ ഒരു എം.പിക്ക് ചേരാത്ത ഭാഷ ഉപയോഗിക്കുന്നു” -എന്നായിരുന്നു രഞ്ജീത് രഞ്ജന്റെ പരാതി. അന്നത്തെ കണ്ണൂർ എം.പിയും സി.പി.എം നേതാവുമായ പികെ ശ്രീമതി ടീച്ചർ, എൻ.സി.പി എംപി സുപ്രിയ സുലെ, സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് എം.പി സുസ്മിത ദേവ്, ബാലുർഘട്ടിൽ നിന്നുള്ള തൃണമൂലിന്റെ അർപ്പിത ഘോഷ് എന്നിവർ രഞ്ജീത് രഞ്ജനൊപ്പം ബിധുരിക്കെതിരെ സ്പീക്കറെ സമീപിച്ചിരുന്നു.
രാഷ്ട്രീയമായി എതിർക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് രമേശ് ബിധുരിയുടെ രീതിയെന്ന് സിൽച്ചാറിൽ നിന്നുള്ള അന്നത്തെ കോൺഗ്രസ് എം.പി സുസ്മിത ദേവ് ചൂണ്ടിക്കാട്ടിയിരുന്നു. ഡി.സി.ഡബ്ല്യു മേധാവി സ്വാതി മലിവാളും ബിധുരിയെ അപലപിച്ചിരുന്നു.
എന്നാൽ, രമേഷ് ബിധുരി ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് ചെയ്തത്. “എനിക്ക് അവരുമായി വ്യക്തിപരമായ വഴക്കൊന്നുമില്ല. ഞാൻ അത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. ഈ ആരോപണങ്ങൾ വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് അവർ ഉപയോഗിക്കുന്നത്. അവർ സ്ത്രീകളാണെന്ന പേരിൽ അനാവശ്യമായി മുതലെടുക്കുകയാണ്. അവർ പാർലമെന്റിൽ ബഹളം സൃഷ്ടിച്ചപ്പോൾ ഞങ്ങൾ അതിനെ എതിർത്തു. ഞാൻ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെങ്കിൽ തെളിവ് ഹാജരാക്കൂ.. ഞാൻ മൂന്ന് തവണ നിയമസഭാംഗമാണ്. ഞാൻ എപ്പോഴെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് അംഗങ്ങളോട് ചോദിക്കാം” -എന്നായിരുന്നു ബിധുരിയുടെ വിശദീകരണം.
അരവിന്ദ് കെജ്‌രിവാളിനെതിരെയും ‘പിമ്പ്’ പ്രയോഗം
വ്യാഴാഴ്ച ഡാനിഷ് അലിയെ വിളിച്ചതുപോലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പിമ്പ് (സ്ത്രീകളെ കൂട്ടിക്കൊടുപ്പുകാരൻ) എന്ന് ബി.ജെ.പി നേതാവായ ബിധുരി പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ട്. 2019ൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കം പങ്കെടുത്ത ഒരു പൊതുയോഗത്തിലായിരുന്നു ഈ പ്രയോഗം. സംഭവത്തിൽ ഡൽഹി തെരഞ്ഞെടുപ്പ് കമീഷൻ രമേഷ് ബിധുരിക്ക് നോട്ടീസ് അയച്ചിരുന്നു.
“അബേ, യേ കെജ്‌രിവാൾ ഭീ ഭദ്വാ ഹേ, യേ കബ് തക് റോക്കേഗാ? (കെജ്‌രിവാൾ ഒരു പിമ്പാണ്. എത്രനാൾ അയാൾക്ക് കേസ് കൊണ്ടുനടക്കാനാകും?) -എന്നായിരുന്നു പ്രസംഗം. വിഷയത്തിൽ എഎപി നേതാവ് രാഘവ് ഛദ്ദ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ബിധുരിക്ക് നോട്ടീസ് നൽകിയത്. 2016ലും കെജ്‌രിവാളിനെതിരെ ബിധുരി നടത്തിയ മോശം പരാമർശങ്ങൾ പുറത്തുവന്നിരുന്നു.
2017ൽ സോണിയക്കെതിരെ: ‘കല്യാണം കഴിഞ്ഞ് അഞ്ചാം മാസം പ്രസവിക്കുന്നത് ഇറ്റാലിയൻ സംസ്കാരം’
2017ൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെയായിരുന്നു ബിധുരിയുടെ വിളയാട്ടം. മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന സോണിയയുടെ പ്രസംഗമായിരുന്നു ബിധുരിയെ പ്രകോപിപ്പിച്ചത്. സർക്കാർ രൂപീകരിച്ച് രണ്ടര വർഷത്തിനുള്ളിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നതിനെ പ്രസവവുമായി സമീകരിച്ചാണ് മഥുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ബിധുരി സോണിയയെ ആക്രമിച്ചത്. ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഇതിലേക്ക് ബിധുരി വലിച്ചിഴച്ചിരുന്നു. ‘കല്യാണം കഴിഞ്ഞ് 5-7 മാസത്തിനുള്ളിൽ പ്രസവിക്കുന്നത് ഇറ്റലിയിലെ സംസ്കാരം ആയിരിക്കും. ഇത്തരം സംസ്കാരം ഒന്നുകിൽ മായാവതിയുടെ വീട്ടിലോ കോൺഗ്രസ് കുടുംബത്തിലോ ഉണ്ടാകും, പക്ഷേ, നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ അങ്ങനെയല്ല’ എന്നായിരുന്നു പരാമർശം.
സ്വന്തം പാർട്ടിപ്രവർത്തകന് നേരെ അക്രമം
സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2018 ഒക്ടോബർ 31-ന് തന്റെ മണ്ഡലത്തിലെ സംഗം വിഹാറിൽ നടന്ന ‘റൺ ഫോർ യൂണിറ്റി’ പരിപാടിക്കിടെ ബി.ജെ.പി പ്രവർത്തകനോട് മോശമായി പെരുമാറിയതായും ബിധുരിക്കെതിരെ ആരോപണമുണ്ട്. പരിപാടിക്കിടെ പാർട്ടി പ്രവർത്തകൻ ചന്ദൻ ചൗധരിയുൾപ്പെടെയുള്ളവരോട് ബിധുരിയും അനുയായികളും മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ അന്നത്തെ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ബിധുരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ആരാണ് ബിധുരി?
തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിലെ സജീവ ആർഎസ്എസ് കുടുംബത്തിലാണ് രമേശ് ബിധുരിയുടെ ജനനം. നിലവിൽ സൗത്ത് ഡൽഹിയിൽ നിന്നുള്ള എംപിയായും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് കമ്മിറ്റിയുടെ ചെയർമാനായും സേവനമനുഷ്ഠിക്കുന്നു. നേരത്തെ മൂന്ന് തവണ ഡൽഹി എം.എൽ.എയായിരുന്നു രമേശ് ബിധുരി തുടർച്ചയായി രണ്ടാം തവണയാണ് എം.പിയായത്.
ഡൽഹി സർവകലാശാലയിലെ ശഹീദ് ഭഗത് സിംഗ് കോളജിൽ നിന്ന് ബികോം ബിരുദവും മീററ്റിലെ ചരൺ സിംഗ് യൂണിവേഴ്‌സിറ്റിയിൽനിന്ന് നിന്ന് നിയമബിരുദവും പൂർത്തിയാക്കി. ഡൽഹി ഹൈകോടതിയിൽ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർത്ഥി നേതാവെന്ന നിലയിൽ 1983 മുതൽ എബിവിപിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. ഷഹീദ് ഭഗത് സിംഗ് കോളേജ് സെൻട്രൽ കൗൺസിലറായും ഡൽഹി യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിധുരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1993ൽ രാഷ്ടീയത്തിൽ സജീവമായി. 3 വർഷത്തിനുള്ളിൽ മെഹ്‌റോളി ജില്ലാ ജനറൽ സെക്രട്ടറിയായി. 1997 മുതൽ 2003 വരെ ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.