ഗുജറാത്തിൽ ബി.ജെ.പി തോൽക്കുമെന്ന് പാർട്ടി എം.പി
text_fieldsപൂണെ: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമെന്ന് അഭിപ്രായ സർവേകൾ പ്രവചിക്കുമ്പോൾ പാർട്ടി തോൽക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യസഭ എം.പി സഞ്ജയ് കകാഡെ രംഗത്ത്. സംസ്ഥാനത്ത് ഭരണത്തുടർച്ചക്ക് ആവശ്യമായ സീറ്റുകൾ പാർട്ടിക്ക് ലഭിക്കില്ലെന്ന് കകാഡെ വ്യക്തമാക്കി.
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള സീറ്റ് പോലും ബി.ജെ.പിക്ക് ലഭിക്കില്ല. കോൺഗ്രസാകട്ടെ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾക്ക് അടുത്തെത്തുമെന്നും കകാഡെ ചൂണ്ടിക്കാട്ടി. അതേസമയം, ഗുജറാത്തിൽ ബി.ജെ.പി ഭരണം നിലനിർത്തിയാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഒറ്റയാളുടെ മികവ് കൊണ്ടായിരിക്കുമെന്നും കകാഡെ വ്യക്തമാക്കി.
കകാഡെ നേതൃത്വം നൽകിയ സംഘം സംസ്ഥാനമൊട്ടാകെ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ തോൽവി പ്രവചിക്കുന്നത്. ആറംഗ സംഘത്തെ താൻ ഗുജറാത്തിലേക്ക് അയച്ചിരുന്നു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കർഷകർ, ഡ്രൈവർമാർ, തൊഴിലാളികൾ തുടങ്ങിയവരുമായി അവർ കൂടിക്കാഴ്ച നടത്തി. സംഘം നടത്തിയ സർവെയുടെയും സ്വന്തം കണക്കുകൂട്ടലിന്‍റെയും അടിസ്ഥാനത്തിലാണ് ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ സാധിക്കില്ലെന്ന നിഗമനത്തിൽ എത്തിയതെന്ന് കകാഡെ പറഞ്ഞു.
ഗുജറാത്തിലെ ഭരണ വിരുദ്ധ വികാരമാണ് പാർട്ടിയുടെ തോൽവിക്ക് വഴിവെക്കുന്നത്. 22 വർഷമായി ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റൊരു പാർട്ടിയും ഒരു സംസ്ഥാനത്തും 25 വർഷം തുടർച്ചയായി ഭരിച്ചിട്ടില്ലെന്നും കകാഡെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.