'ഇന്ത്യ' അടിമത്തത്തിന്‍റെ അടയാളം: ഭരണഘടനയിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്ക് പിന്നാലെ 'ഇന്ത്യ'യെയും കടന്നാക്രമിച്ച് ബി.ജെ.പി. കൊളോണിയൽ ഭരണകാലത്തെ ഓർമിപ്പിക്കുന്നതാണ് 'ഇന്ത്യ' എന്ന വാക്കെന്നും ഇത് ഭരണഘടനയിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് ബി.ജെ.പി രാജ്യസഭാ എം.പി നരേഷ് ബൻസാലിന്‍റെ ആവശ്യം. പാർലമെന്‍റ് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉത്തരാഖണ്ഡ് എം.പി 'ഇന്ത്യ'യെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
രാജ്യത്തിന്‍റെ ശരിയായ പേര് ഭാരത് എന്നാണെന്നും ഇന്ത്യ എന്നത് കൊളോണിയൽ കാലത്തെ അടിമത്തത്തെ സൂചിപ്പിക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഭാരതമാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഭരണഘടന അനുശാസിക്കുന്ന അനുച്ഛേദം ഒന്ന് പ്രകാരമാണ് ബ്രിട്ടീക്ഷുകാർ ഭാരതത്തിന്‍റെ പേര് മാറ്റി ഇന്ത്യ എന്നാക്കിയത്. വർഷങ്ങളായി നമ്മുടെ രാജ്യത്തെ ഭാരത് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ രാജ്യത്തിന്‍റെ പ്രാചീനനാമം അതാണ്. ഈ നാമമാണ് പ്രാചീന സൻസ്കൃത കുറിപ്പുകളിലുൾപ്പെടെ കണ്ടിട്ടുള്ളത്. ഇന്ത്യ എന്ന പേര് ഭാരതത്തിന് നൽകിയത് കൊളോണിയൽ കാലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന നാമം അടിമത്തത്തിന്‍റെ അടയാളം കൂടിയാണ്. ഇന്ത്യ എന്ന നാമം ഭരണഘടനയിൽ നിന്നും നീക്കം ചെയ്യണം" - ബൻസാൽ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന സ്വാതന്ത്ര്യദിന പരിപാടികളിൽ കൊളോണിയൽ കാലത്തെ സൂചിപ്പിക്കുന്ന എല്ലാ അടയാളങ്ങളും നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 27ന് രാജസ്ഥാനിൽ നടന്ന പരിപാടിക്കിടെ വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ സമരം പോലെയൊന്ന് രാജ്യത്ത് നിന്നും അഴിമതിയും കുടുംബവാഴ്ച രാഷ്ട്രീയവും ഇല്ലാതാക്കാൻ ഇനിയും ആവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇൻഡ്യ എന്ന ലേബൽ ഉപയോഗിച്ച് തങ്ങളുടെ പഴയ കുറ്റങ്ങൾ മറച്ചുവെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇൻഡ്യ എന്ന പേര് ഉപയോഗിക്കുന്നത് രാജ്യത്തോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയായിരുന്നു ഇന്ത്യയെ ഭാരത് എന്ന് വിശേഷിപ്പിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിക്കുന്നത്. ഇതിനായി അദ്ദേഹം തന്‍റെ ട്വിറ്റർ ബയോയിൽ 'Chief Minister of Assam, Bharat' എന്നാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.