യുദ്ധവിമാനത്തിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ വിനോദ സവാരി; വിമർശനത്തിൽ പൊള്ളി പാർട്ടി
text_fields
ബംഗളൂരു: കർണാടക തലസ്ഥാന നഗരത്തിൽ അടുത്തിടെ നടന്ന 'എറോ ഇന്ത്യ 2021' വ്യോമപ്രദർശനത്തിനിടെ ബി.ജെ.പി പാർലമെന്‍റംഗമായ തേജസ്വി സൂര്യ യുദ്ധവിമാനത്തിൽ നടത്തിയ സവാരിക്കെതിരെ പാർട്ടിയിലും പുറത്തും കനത്ത വിമർശനം. പ്രതിരോധ വകുപ്പ് ചുമതലയോ സ്വന്തം മണ്ഡല പരിധിയോ അല്ലാതിരുന്നിട്ടും സൂര്യ എങ്ങനെ വലിയ ചെലവു വരുന്ന യാത്ര തരപ്പെടുത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന രൂക്ഷ വിമർശനം.
''പ്രതിരോധ കാര്യ പാർലമെന്‍ററി സമിതിയിലെങ്കിലും സൂര്യ അംഗമായിരുന്നുവെങ്കിൽ മനസ്സിലാക്കാമായിരുന്നു''വെന്ന് മുതിർന്ന പാർട്ടി നേതാവ് കുറ്റപ്പെടുത്തി.
ഈ യാത്രക്കു മാത്രമായി ദിവസങ്ങളോളമാണ് പാർലെമന്റിൽനിന്ന് സൂര്യ വിട്ടുനിന്നതെന്നതും പാർട്ടി വിഷയമായി എടുത്തിട്ടുണ്ട്.
മുതിർന്ന നേതാക്കൾക്ക് ഇത്തരം പ്രദർശനങ്ങൾക്കിടെ സവാരി അനുവദിക്കാറുണ്ട്. പ്രതിരോധ റിപ്പോർട്ടിങ് ചുമതലയുള്ള മാധ്യമ പ്രവർത്തകർക്കും അപൂർവമായി അനുവദിക്കാറുണ്ട്. ഇതിലൊന്നും പെടാത്ത സൂര്യ എങ്ങനെ തരപ്പെടുത്തിയെന്നാണ് ചോദ്യം.
രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു യാത്രക്ക് ശരാശരി 8-10 ലക്ഷമാണ് ചെലവു വരിക. നികുതി ദായകരുടെ പണം ഉപയോഗിച്ച് വെറുതെ ആഡംബര യാത്ര നടത്തുന്നത് പൊറുക്കാനാവില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. ഇന്ധനം, ലൂബ്രിക്കൻഡുകൾ, മറ്റു ഓയിൽ, ടയർ തേയ്മാനം, ബ്രേക്, പാരച്യൂട്ട് ഉൾപെടെ നിരവധി വസ്തുവകകൾ ഒാരോ യാത്രക്കും അധികമായി കരുതണം. പ്രതിരോധ മന്ത്രാലയത്തിൽ പ്രതിരോധ ഗവേഷണ, വികസന വകുപ്പിന് കീഴിലെ വ്യോമയാന വികസന ഏജൻസിയാണ് യാത്രക്ക് അനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.