ബി.ജെ.പി എം.പി തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsഡറാഡൂൺ: അപ്രതീക്ഷിത നീക്കത്തിൽ തിരഥ് സിങ് റാവത്ത് എം.പി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ത്രിവേന്ദ്ര സിങ് റാവത്ത് ചൊവ്വാഴ്ച രാജിവെച്ച ഒഴിവിലാണ് ഇദ്ദേഹത്തെ പാർട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക്, എം.പിമാരായ അജയ് ഭട്ട്, അനിൽ ബലൂനി എന്നിവരായിരുന്നു സാധ്യതപട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ.
സംസ്ഥാന ബി.ജെ.പി പ്രസിഡൻറായിരുന്ന തിരഥ് സിങ് റാവത്തിെൻറ പേര് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് നിർദേശിച്ചത്. നിലവിൽ ബി.ജെ.പി ജനറൽ സെക്രട്ടറിയും ഗർവാലിൽനിന്നുള്ള ലോക്സഭാംഗവുമാണ്. നേതാക്കളും പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരും ആവശ്യപ്പെട്ടതിനെ തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനോട് രാജിവെക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നിർദേശിച്ചതോടെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞത്. ഉത്തരാഖണ്ഡിൽ അടുത്ത വർഷം ആദ്യമാണ് നിയമസഭ തെരഞ്ഞെടുപ്പ്.
ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലേറെയും ത്രിവേന്ദ്ര സിങ് റാവത്തിന്റെ പ്രവർത്തനത്തോട് താൽപര്യം കാണിച്ചിരുന്നില്ല. ഇദ്ദേഹം തുടർന്നാൽ 2022ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു.
തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ ത്രിവേന്ദ്ര സിങ് വസതിയിലെത്തി കണ്ടിരുന്നു. അമിത് ഷാ അടക്കമുള്ളവരുമായി നദ്ദ രണ്ടു റൗണ്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു റാവത്തുമായി സംഭാഷണം.
നിലവിലെ സർക്കാറിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഒരുപറ്റം നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എൽ.എമാരും ത്രിവേന്ദ്രയുടെ രീതികളിൽ തൃപ്തരല്ല. ആർ.എസ്.എസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.