ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവർ രാജ്യത്തിന് നാണക്കേട് -വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്ന ഹിന്ദുത്വവാദികൾക്കെതിരെ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി. ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവർ രാജ്യത്തിന് നാണക്കേടാണെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
''ഇന്ത്യ എല്ലാകാലത്തും ഒരു ആത്മീയകേന്ദ്രമായിരുന്നു. മഹാത്മാഗാന്ധി ഈ രാജ്യത്തിന് ആത്മീയ അടിത്തറ പാകുകയും ധാർമിക ശക്തി നൽകുകയും ചെയ്തു. അതാണ് ഇന്നും ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തി. 'ഗോഡ്സെ സിന്ദാബാദ്' എന്ന് ട്വീറ്റ് ചെയ്യുന്നവർ ഒരു ഉത്തരവാദിത്തവുമില്ലാതെ രാജ്യത്തെ നാണം കെടുത്തുകയാണ്'' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
എന്നാൽ ഇതിനു പിന്നാലെ വരുൺ ഗാന്ധിക്ക് മറുപടിയുമായി നിരവധി പേർ ട്വീറ്റിന് താഴെയെത്തി. താങ്കളുടെ പാർട്ടിക്കാരും നേതാക്കളുമാണ് അങ്ങനെ ചെയ്യുന്നതെന്ന് നിരവധി പേർ കമന്‍റ് ചെയ്തു. പറയുന്നത് ആത്മാർഥമാണെങ്കിൽ താങ്കൾ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരണമെന്നും നിരവധി പേർ കമന്‍റ് ചെയ്തു.
ഗാന്ധി ജയന്തി ദിനത്തിൽ 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്ടാഗിലാണ് നിരവധി പേർ ഗാന്ധിയെ അപമാനിക്കുന്നതും ഗോഡ്സെയെ പ്രശംസിക്കുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്.
ഗോഡ്സെയെ പുകഴ്ത്തുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ പല കോണിൽനിന്നും ഉയർന്നിരുന്നു. 'നാഥുറാം ഗോഡ്സെ സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്ന സംഘികളെ നേരന്ദ്രമോദി മൗനത്തിലൂടെ പിന്തുണക്കുകയാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. 'ആരാണ് ഇൗ മുദ്രാവാക്യത്തിന്‍റെ ഉത്തരവാദിയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനെതിരെ മോദി നടപടിയെടുക്കുേമാ? അതോ ഇത് ചെയ്യുന്ന സംഘികളെ മൗനത്തിലൂടെ പിന്തുണക്കുമോ?'- മാണിക്കം ട്വീറ്റിലൂടെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.