മതംമാറ്റം ആരോപിച്ച് ക്രൈസ്തവ സ്ഥാപനത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭം
text_fieldsമുംബൈ: ഹിന്ദുമത വിശ്വാസികളെ കൂട്ടത്തോടെ മതം മാറ്റുന്നുവെനനാരോപിച്ച് മുംബൈയിലെ ക്രൈസ്തവ സ്ഥാപനത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം. ബി.ജെ.പി മുംബൈ സിറ്റി യൂണിറ്റ് പ്രസിഡന്റും എം.എൽ.എയുമായ മംഗൾ പ്രഭാത് ലോധയാണ് മുംബൈയിലെ ചാന്ദിവാലി പ്രദേശത്ത് മതപരിവർത്തനത്തിനെതിരെ പരസ്യ പ്രക്ഷോഭം ആരംഭിച്ചത്.
ചാന്ദിവാലിയിൽ കുട്ടികളടക്കം 3000 പേരെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്തതായി ആരോപിച്ചാണ് ബി.ജെ.പിയുടെ നീക്കം. ആർ.എസ്.എസിന്റെ നിയമ സഹായ സംഘടനയായ ലീഗൽ റൈറ്റ്‌സ് ഒബ്സർവേറ്ററിയാണ് പ്രദേശത്ത് ക്രിസ്ത്യാനികൾക്കെതിരെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് രോഹൻ താക്കൂറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ 157ാം വാർഡായ ചാന്ദിവാലിയിലെ ശിവസേന കൗൺസിലർ ഈശ്വർ തവാഡെയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തെതന്ന് ബി.ജെ.പി ആരോപിക്കുന്നു.
അതിനിടെ, പ്രദേശതെത ക്രൈസ്തവ പുരോഹിതർ അടക്കമുള്ളവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ് പോഷക സംഘടനയായ ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ക്രൈസ്തവ മിഷനറിമാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടം മതപരിവർത്തനത്തിന് സൗകര്യമൊരുക്കുകയാണെന്ന് മംഗൾ പ്രഭാത് ലോധ എം.എൽ.എ ആരോപിച്ചു. "ചന്ദിവാലിയിലെ സംഘർഷ് നഗർ സന്ദർശിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ മതപരിവർത്തന പ്രവർത്തനങ്ങൾ പരസ്യമായി നടക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ ഞാൻ അത്ഭുതപ്പെട്ടു. ഡിസിപി ഓഫിസ് സന്ദർശിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. അതിനാൽ ഈ മതപരിവർത്തന പ്രവർത്തനങ്ങൾ നിർത്തുന്നത് വരെ ഞങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമാകും' -ലോധ പറഞ്ഞു. ബി.ജെ.പി മുംബൈ ഘടകം വൈസ് പ്രസിഡൻറ് പവൻ ത്രിപാഠി, ബജ്‌റംഗ്ദൾ മുംബൈ മേഖല നേതാവ് സന്ദീപ് ഭഗത് എന്നിവരും നൂറുകണക്കിന് പ്രവർത്തകരും ചേർന്നാണ് പ്രതിഷേധം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.