നഖ്വിക്ക് ലോക്സഭയിലും സീറ്റില്ല; മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ മുസ്ലിം മുഖമായ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് മന്ത്രിസഭയിൽ നിന്നും പുറത്തേക്ക് വഴിതെളിയുന്നു.
ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നഖ്വിയുടെ പേര് ബി.ജെ.പി പരിഗണിച്ചില്ല. ഝാർഖണ്ഡിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഖ്വിയുടെ കാലാവധി ജൂലൈ ഏഴിന് അവസാനിക്കും. പാർലമെന്റ് അംഗമല്ലെങ്കിലും ആറു മാസംകൂടി മന്ത്രിസഭയിൽ തുടരാനാകും.
ജൂൺ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റുകളിലേക്ക് നഖ്വിയുടെ പേര് പരിഗണിക്കാതെ വന്നതോടെ ജൂൺ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. മുസ്ലിം ഭൂരിപക്ഷമുള്ള റാംപുർ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി മുതിർന്ന നേതാവ് അഅ്സംഖാൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. എന്നാൽ, റാംപുർ മണ്ഡലത്തിലേക്ക് ഘനശ്യാം ലോധിയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി ശനിയാഴ്ച പ്രഖ്യാപിച്ചു.
മുൻ യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന അഅ്സംഗഡിൽ ബോജ്പുരി നടൻ ദിനേഷ് ലാല യാദവിനെയാണ് ബി.ജെ.പി നിർത്തിയിട്ടുള്ളത്.
നഖ്വിക്ക് പുറമെ മുസ്ലിം മുഖമായ എം.ജെ. അക്ബർ, സയ്യിദ് സഫർ ഇസ്ലാം എന്നിവരുടെ രാജ്യസഭ കാലാവധി ജൂൺ 29നും ജൂലൈ നാലിനുമായി അവസാനിക്കും. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പിക്ക് മുസ്ലിം എം.പിമാർ ആരുമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.