മഹാരാഷ്ട്രയിൽ ‘കൊടകര’ക്കുരുക്ക്
text_fieldsമുംബൈ: നേതാക്കളെ ഏൽപിക്കാൻ പണവുമായി വീരാറിലെ നക്ഷത്ര ഹോട്ടലിലെത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ കൈയോടെ പിടികൂടി ബഹുജൻ വികാസ് അഘാഡി (ബി.വി.എ) പ്രവർത്തകർ. വസായ്-വീരാർ മേഖലയിലെ പ്രാദേശിക പാർട്ടിയാണ് ബി.വി.എ. പാർട്ടി അധ്യക്ഷൻ ഹിതേന്ദ്ര താക്കൂർ, മകൻ ക്ഷിജിത് താക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് താവ്ഡെയെ കുരുക്കിലാക്കിയത്. നിയമസഭ വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ സംഭവം ബി.ജെ.പിയെ വെട്ടിലാക്കി.
ബി.വി.എയുടെ ദഹാനു സീറ്റിലെ സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്ന് അവരുടെ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. ഇരു സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നാണ് സൂചന. താവ്ഡെ അഞ്ച് കോടിയുമായാണ് വരുന്നതെന്ന് ബി.ജെ.പിക്കാർ തന്നെ വിവരം നൽകിയെന്നാണ് ഹിതേന്ദ്ര താക്കൂർ പറഞ്ഞത്. പണവിതരണ കണക്കുള്ള താവ്ഡെയുടെ ഡയറികളും വി.ബി.എ പിടിച്ചെടുത്തു. പൊലീസ് സാന്നിധ്യത്തിൽ താവ്ഡെയുടെ മുറിയിൽനിന്ന് പണം കണ്ടെടുത്തതും ബി.വി.എ പ്രവർത്തകരാണ്.
താവ്ഡെയെയും നല്ലസൊപാര സീറ്റിലെ ബി.ജെ.പി സ്ഥാനാർഥി രാജൻ നായികിനെയും മൂന്നുമണിക്കൂറോളം ബി.വി.എ പ്രവർത്തകർ തടഞ്ഞുവെച്ചു. കേസെടുക്കാതെ വിട്ടയക്കില്ലെന്ന് ഹിതേന്ദ്ര നിലപാട് കടുപ്പിച്ചതോടെ കമീഷൻ ഉദ്യോഗസ്ഥരെത്തി. താവ്ഡെയുടെ മുറിയിൽ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഹിതേന്ദ്ര, താവ്ഡെ, രാജൻ നായിക് എന്നിവർ സംയുക്തമായി നടത്തിയ വാർത്തസമ്മേളനം തെരഞ്ഞെടുപ്പ് കമീഷന്റ നിർദേശ പ്രകാരം ഇടക്കുവെച്ച് പൊലീസ് തടഞ്ഞു.
ബി.ജെ.പി പ്രവർത്തകരുമായി വോട്ടെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നുവെന്നും പണം നൽകുകയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും വിശദീകരിച്ച താവ്ഡെയും അന്വേഷണം ആവശ്യപ്പെട്ടു. ഹോട്ടലിലെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ല. ഇരുകൂട്ടരും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ട പണി ഠാക്കൂർമാർ ചെയ്തെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം. ‘പണ ജിഹാദ്’ എന്നാണ് ഉദ്ധവ് താക്കറെ സംഭവത്തെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.