പ്രിയങ്കയെ ഒഴിപ്പിച്ച ബംഗ്ലാവ് ഇനി ബി.ജെ.പി മാധ്യമവിഭാഗം തലവന്
text_fieldsന്യൂഡൽഹി: ഡൽഹി ലോധി എസ്റ്റേറ്റിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന വീട് രാജ്യസഭ എം.പിയും ബി.ജെ.പി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്ക് കൈമാറും. ആഗസ്റ്റ് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കാട്ടി കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
എസ്.പി.ജി സുരക്ഷ വിഭാഗത്തിലുള്ളവർക്ക് കേന്ദ്ര സർക്കാർ താമസസൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് 1997 മുതൽ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
നിലവിൽ ഇസഡ് പ്ലസ് വിഭാഗം സുരക്ഷയാണ് പ്രിയങ്കക്ക് ഉള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവർക്ക് സർക്കാർ താമസസൗകര്യം ലഭ്യമല്ലെന്ന് നോട്ടീസിൽ പറയുന്നു. ജൂലൈ ഒന്നു മുതൽ താമസ സൗകര്യം റദ്ദാക്കിയതായും ഒരു മാസം ഇളവ് അനുവദിച്ചതായും നോട്ടീസിൽ അറിയിച്ചിരുന്നു. ഉത്തർപ്രദേശ് തലസ്ഥാനമയ ലഖ്നോവിലാണ് പ്രിയങ്കയുടെ പുതിയ വസതിയെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.