ബി.ജെ.പി മുസ്‍ലിംകൾക്ക് എതിരല്ലെന്ന് രാജ്നാഥ് സിങ്, ‘മോദി ഇസ്‍ലാമിക രാജ്യങ്ങളിൽ ബഹുമാനിക്കപ്പെടുന്നയാൾ’
text_fieldsസുപോൾ (ബീഹാർ): വോട്ടിനുവേണ്ടി ബി.ജെ.പി നേതാക്കൾ മുസ്‍ലിം വിരുദ്ധവും വിദ്വേഷത്തിന് വഴിയൊരുക്കുന്നതുമായ പരാമർശങ്ങൾ നിരന്തരം നടത്തുന്നതിനിടയിൽ, ബി.ജെ.പി മുസ്‍ലിംകൾക്ക് എതിരല്ലെന്ന പ്രസ്താവനയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്ന് അവകാശവാദപ്പെട്ട രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ഇസ്‍ലാമിക രാജ്യങ്ങളിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും ചൂണ്ടിക്കാട്ടി.
ബിഹാറിലെ സുപോൾ, സരൺ ലോക്സഭ മണ്ഡലങ്ങളിൽ എൻ.ഡി.എക്കുവേണ്ടി പ്രചാരണം നടത്തവേയാണ് രാജ്നാഥ് സിങ്ങിന്റെ പരാമർശം. പത്തു വർഷത്തെ മോദി ഭരണത്തിൽ എണ്ണിപ്പറയാൻ നേട്ടങ്ങളൊന്നുമില്ലാതാവുകയും ജനം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുകയും ചെയ്തതോടെ മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ തുടരെ വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ പരാതികൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടിയൊന്നും എടുക്കുന്നുമില്ല.
‘അറബ് ലോകത്തെ ചുരുങ്ങിയത് അഞ്ച് രാജ്യങ്ങളിലെങ്കിലും മോദി ഉന്നത ബഹുമതികളാൽ ആദരിക്കപ്പെട്ടയാളാണ്. എന്നിട്ടും ഞങ്ങൾ ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ വിഭാഗീയത വളർത്തുന്നവരാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും പറയുന്നത് നിങ്ങൾ വിശ്വസിക്കരുതെന്നാണ് എനിക്ക് മുസ്‍ലിം സഹോദരങ്ങളോട് പറയാനുള്ളത്’ -സിങ് പറഞ്ഞു.
മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനപ്രകാരം സാധ്യമല്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. മുത്തലാഖ് നിരോധിച്ചതിനുപിന്നിലുള്ള ഞങ്ങളുടെ താൽപര്യം മുസ്‍ലിംകൾ മനസ്സിലാക്കണം. തെരഞ്ഞെടുപ്പിൽ പ്രത്യാഘാതമുണ്ടാകുമോ എന്ന് നോക്കിയിട്ടല്ല, മുസ്‍ലിം സഹോദരിമാരുടെയും പെൺമക്കളുടെയും കണ്ണീരൊപ്പാൻ ഞങ്ങൾ മുന്നോട്ടുവന്നത്. ഒരുപാട് മുസ്‍ലിംകൾ മുത്തലാഖിനെതിരായ ഞങ്ങളുടെ നീക്കത്തെ പിന്തുണക്കാൻ രംഗത്തുവന്നുവെന്നത് ഏറെ സന്തോഷം പകർന്നു.
എൻ.ഡി.എ 400ലേറെ സീറ്റ് നേടുമെന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു. സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ തുടക്കമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതും സിങ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.