ബംഗാളികളെ കാളീപൂജ പഠിപ്പിക്കാൻ ബി.ജെ.പി ആരാണ്?- മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: ബി.ജെ.പി മുന്നോട്ടുവെക്കുന്ന വിഗ്രഹാരാധന രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ച് മഹുവ മൊയ്ത്ര. കാളി ദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കാൻ ബി.ജെ.പി ആരാണെന്ന് മഹുവ ആഞ്ഞടിച്ചു. ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബി.ജെ.പിയെന്നും അവർ കൂട്ടിച്ചേർത്തു.
വിവാദ കാളി പോസ്റ്ററിന് നടത്തിയ അഭിപ്രായ പ്രകടനത്തിൽ രൂക്ഷ വിമർശനം നേരിടുകയാണ് മഹുവ മൊയ്ത്ര. വ്യക്തിപരമായി പക്വതയുള്ള അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ ബി.ജെ.പി അവരുടെ ഹിന്ദുത്വ അജൻഡ മുന്നോട്ട് വെച്ചും മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചും ആണ് പ്രതികരിക്കുന്നതെന്ന് മഹുവ പറഞ്ഞു. ഒരു ബംഗാളി വാർത്ത ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
2000 വർഷമായി കാളി ദേവിയെ പൂജിക്കുന്ന പാരമ്പര്യം ബംഗാളിലെ ജനതയ്ക്കുണ്ട്. അവരെ എങ്ങനെ വിഗ്രഹാരാധന നടത്തണമെന്ന് പഠിപ്പിക്കാൻ വരുന്നതിനോട് പൂർണ വിയോജിപ്പ് പ്രകടിപ്പിച്ചാണ് മഹുവ മൊയ്ത്ര സംസാരിച്ചത്.
ഇന്ത്യയിൽ പല ക്ഷേത്രങ്ങളിലും വഴിപാടായി മത്സ്യമാംസാദികളും കള്ളും അർപ്പിക്കാറുണ്ട്. അസമിലെ കാമാഖ്യ ക്ഷേത്രം ഉദാഹരണമായി മഹുവ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ ഉന്നതർക്ക് കാളീപൂജ എങ്ങനെയായിരിക്കണമെന്ന് രേഖാമൂലം എഴുതി കോടതിയിൽ നൽകാനുള്ള ധൈര്യമുണ്ടോയെന്നും മഹുവ വെല്ലുവിളിച്ചു.
സസ്യാഹാരിയും വെളുത്ത വസ്ത്രധാരിയുമായി കാളിയെ ഒരാൾക്ക് സങ്കൽപിക്കാൻ കഴിയുന്നതുപോലെ മാംസാഹാരിയായ കാളിയെ സങ്കൽപിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നാണ് മഹുവ പറഞ്ഞത്. എന്നാൽ മഹുവയുടെ അഭിപ്രായത്തെ തൃണമൂൽ തളളി പറയുകയും അവരുടെ അഭിപ്രായത്തിന്‍റെ പൂർണ ഉത്തരവാദിത്വം മഹുവക്ക് തന്നെയാണെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.