സിന്ധ്യക്കെതിരെ മധ്യപ്രേദശ് ബി.ജെ.പിയിൽ പടയൊരുക്കം
text_fieldsഭോപ്പാൽ: കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും അനുയായികൾക്കുമെതിരെ പടയൊരുക്കവുമായി മധ്യപ്രദേശിലെ ഒരുകൂട്ടം ബി.ജെ.പി നേതാക്കൾ. സിന്ധ്യയും കൂട്ടരും വന്നതോടെ തങ്ങളുടെ നില പരുങ്ങലിലാവുമെന്ന ഭീതിയാണ് മുൻ കോൺഗ്രസ് നേതാവിനെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിക്കുന്നത്. 'കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിലാണിപ്പോൾ ഞങ്ങൾ' എന്നാണ് ഇവരുടെ പരിഭവം. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽനിന്നുള്ള നേതാക്കളാണ് ഈ പടയൊരുക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജ്യോതിരാദിത്യക്കെതിരെ പാളയത്തിൽ പട രൂപം കൊള്ളുന്നത്. സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ 22 എം.എൽ.എമാരും മത്സരിക്കാനൊരുങ്ങൂകയാണ്. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി മാറിയെത്തിയ സിന്ധ്യക്ക് കരുത്ത് തെളിയിക്കാനും ബി.ജെ.പിയിൽ മേൽക്കൈ നേടാനും ഉപതെരഞ്ഞെടുപ്പിലെ ജയം അനിവാര്യമാണ്. എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ സംഘ് പരിവാർ പാളയത്തിലെ സിന്ധ്യയുടെ സ്വീകാര്യതക്കും സാധ്യതകൾക്കും അതു വലിയ പ്രതിബന്ധമാകും.
ഇതു മനസ്സിലാക്കി, ഇന്ദോറിലും ഗ്വാളിയോറിലുമൊക്കെ കഴിഞ്ഞ മാസംതന്നെ സിന്ധ്യ സന്ദർശനത്തിനെത്തിയിരുന്നു. ഇന്ദോറിലെ ബി.ജെ.പി നേതാക്കളെ സന്ദർശിച്ച് അവരുടെ പിന്തുണയാർജിക്കാനുള്ള ശ്രമങ്ങളിൽ മുന്നോട്ടുപോകാൻ കഴിഞ്ഞെങ്കിലും ഗ്വാളിയോറിൽ സ്ഥിതി മറിച്ചാണ്. ഇത്രയും കാലം സിന്ധ്യയെ പല്ലും നഖവുമുപയോഗിച്ച് എതിർത്തുവന്ന ഗ്വാളിയോറിലെ ബി.ജെ.പി നേതാക്കൾക്ക് ഇതുവരെ അദ്ദേഹത്തിെൻറ പാർട്ടിപ്രവേശം ദഹിച്ചിട്ടില്ല. തങ്ങളുടെ അവസരം മുടക്കാൻ വന്നവനെന്ന ഈർഷ്യയുമായി ഗ്വാളിയോറിലെ നേതാക്കൾ എതിർപ്പ് തുടരുേമ്പാൾ മേഖലയിൽ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമോ എന്ന ആശങ്കയും ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. പ്രഭാത് ഝാ, ഗൗരി ശങ്കർ ഷെജ്വാർ, മായാ സിങ് എന്നിവരടക്കമുള്ള നേതാക്കളെ തൽക്കാലം നേതൃത്വം ഒതുക്കി നിർത്തിയിട്ടുണ്ടെങ്കിലും ഇവരുടെ ഉള്ളിലിരിപ്പ് വ്യക്തമല്ല.
ജന്മദേശമായ ഗ്വാളിയോറിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാറിനൊപ്പമാണ് ജ്യോതിരാദിത്യ കഴിഞ്ഞ ആഴ്ച സന്ദർശനത്തിനെത്തിയത്. തൊമാറും ഗ്വാളിയോർ സ്വദേശിയാണ്. മേഖലയിലെ ബി.ജെ.പി നേതാക്കളെ അനുനയിപ്പിക്കുകയായിരുന്നു സിന്ധ്യയുടെ ഉദ്ദേശ്യം. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ 24ൽ 16 സീറ്റിലും സിന്ധ്യക്ക് വ്യക്തമായ സ്വാധീനമുണ്ട്.
എന്നാൽ, സിന്ധ്യ ഗ്വാളിയോറിൽ സന്ദർശനത്തിനെത്തിയ ദിവസം മേഖലയിലെ പ്രധാന ബി.ജെ.പി നേതാവ് ജയ്ഭൻ സിങ് പവയ്യയുടെ മുനവെച്ച ഒരു ട്വീറ്റുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർഥികളായി മുമ്പ് പാർലമെൻറിലേക്ക് മത്സരിച്ച ജ്യോതിരാദിത്യക്കും അദ്ദേഹത്തിെൻറ പിതാവ് മാധവറാവു സിന്ധ്യക്കുമെതിരെ ബി.ജെ.പി ടിക്കറ്റിൽ കളത്തിലിറങ്ങിയയാളാണ് ജയ്ഭൻ. 'പാമ്പുകൾക്ക് രണ്ടു നാവുള്ളപ്പോൾ മനുഷ്യന് ഒരു നാവേയുള്ളൂ. ഭാഗ്യവശാൽ നമ്മളെല്ലാം മനുഷ്യരാണ്. രാഷ്ട്രീയത്തിൽ, കാലത്തിനനുസരിച്ച് നമ്മൾക്ക് സുഹൃത്തുക്കളെയും ശത്രുക്കളെയുമൊക്കെ മാറ്റിക്കൊണ്ടിരിക്കാം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം ഇക്കാലത്തും അടിസ്ഥാന തത്വങ്ങളാണ് കൂടുതൽ പ്രധാനം.' -ഇതായിരുന്നു പവയ്യയുടെ ട്വീറ്റ്. ഉപതെരഞ്ഞെടുപ്പിൽ 22 സ്ഥാനാർഥികളുടെ വിജയത്തിനായി ബി.ജെ.പി നിശ്ചയിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ അംഗമാണ് പവയ്യ. എന്നാൽ, ഇദ്ദേഹം പ്രചാരണ രംഗത്ത് ഒട്ടും സജീവമല്ലെന്ന് സംസ്ഥാന ഘടകത്തിലെ ചിലർ വെളിപ്പെടുത്തിയതായി 'ദ പ്രിൻറ്' റിപ്പോർട്ടു ചെയ്തു.
സിന്ധ്യയുടെ വിശ്വസ്തനായ പ്രധ്യുമാൻ സിങ് തൊമാറിനുവേണ്ടി പവയ്യ പ്രചാരണത്തിനിറങ്ങേണ്ടതായിരുന്നു. ഇതുവരെ അദ്ദേഹം തൊമാറിനുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന തൊമാർ പരാജയപ്പെടുത്തിയത് പവയ്യയെ ആയിരുന്നു. കൂറുമാറിയ തൊമാർ, ഇപ്പോൾ മധ്യപ്രദേശ് ബി.ജെ.പി സർക്കാറിൽ ഊർജമന്ത്രിയാണ്. മുമ്പ് ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പവയ്യയെ അന്ന് തൊമാർ കളിയാക്കി വിളിച്ചിരുന്നത് 'മേക്കപ്പ് മിനിസ്റ്റർ' എന്നായിരുന്നു. വേഷത്തിനൊത്ത ഷൂ മാറിമാറി ധരിക്കുന്നതുകൊണ്ടായിരുന്നു ആ പരിഹാസം. അതൊന്നും പവയ്യ എളുപ്പം മറക്കാനിടയില്ലെന്നാണ് അണിയറ സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.