മംഗളൂരു: ബി.ജെ.പിക്കാരനായ പഞ്ചായത്തംഗം മദ്യവിൽപ്പനക്കിടെ അറസ്റ്റിൽ
text_fieldsമംഗളൂരു: കർണാടകയിലെ ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി പിന്തുണയിൽ വിജയിച്ച അംഗം ജയാനന്ദ കുളലിനെ അനധികൃത മദ്യവിൽപ്പനക്കിടെ മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന സംഭവം വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെത്തുടർന്നാണ് പൊലീസ് പുറത്തുവിട്ടത്.
സംഘ്പരിവാർ സജീവ പ്രവർത്തകനും ഉത്തര മംഗളൂരു ബി.ജെ.പി എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടിയുടെ സഹയാത്രികനുമാണ് ജയാനന്ദ. മൊഗറു ഗ്രാമത്തിൽ തെക്കെമർ പാതയോരത്ത് പഞ്ചായത്ത് അംഗം നടത്തുന്ന പെട്ടിക്കടയിലേക്ക് വാഹനങ്ങളിലും അല്ലാതെയും ആളുകൾ എത്തുന്നത് നാടിന്‍റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രി പൊലീസ് പതിവ് പട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തുകയായിരുന്നു. വിവിധ ബ്രാൻഡുകളിലുള്ള മദ്യം പിടികൂടി. അടുത്ത കടകളിൽ ശേഖരിച്ച് വെച്ച മദ്യം ആവശ്യാനുസരണം പെട്ടിക്കടയിലേക്ക് കൊണ്ടുവരികയാണ് ചെയ്തിരുന്നത്.
മദ്യം പിടിച്ച വാർത്തകൾ തേടിയ മാധ്യമപ്രവർത്തകരോട് അത് എക്സൈസ് അധികൃതർക്ക് കൈമാറി എന്നായിരുന്നു പൊലീസിന്‍റെ മറുപടി.പൊലീസ് ബ്ലോഗിൽ ഇതിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന് സമൂഹമാധ്യമങ്ങളിൽ വിമർശം ഉയരുന്നുണ്ട്. പശുക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം പടുകൊണാജെയിലെ ഇംറാൻ ഇബ്രാഹിം (24), കട്ടബെട്ടുവിലെ കെ. നസീർ എന്ന നാച്ചി (26) എന്നിവരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം ഉടൻ ബ്ലോഗിൽ ലഭ്യമായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.