കർഷകർക്കൊപ്പം വിരുന്നിൽ പങ്കെടുത്ത് മമതയെ കടന്നാക്രമിച്ച് നഡ്ഡ
text_fieldsമാൾഡ (പശ്ചിമ ബംഗാൾ): കർഷകർക്കൊപ്പം ഭക്ഷണം കഴിച്ചും മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ചും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ബംഗാളിൽ സംഘടിപ്പിച്ച കർഷകരക്ഷ അഭിയാൻ റാലിയിൽ സംസാരിക്കുകയായിരുന്നു നഡ്ഡ.
റാലിക്ക് മുമ്പ് അദ്ദേഹം കർഷകരുടെ സമുദായ വിരുന്നിൽ പങ്കെടുത്തു. പി.എം കിസാൻ പദ്ധതിയുടെ പ്രയോജനങ്ങൾ സംസ്ഥാനത്തെ ജനങ്ങളിൽ എത്താതിരിക്കാൻ മുഖ്യമന്ത്രി മമത ബാനർജി ശ്രമിച്ചുവെന്ന് നഡ്ഡ ആരോപിച്ചു. ബംഗാളിലെ 70 ലക്ഷം കർഷകർക്ക് ഇതിെൻറ പ്രയോജനം ലഭിച്ചില്ല. രണ്ട് വർഷമായി 6000 രൂപയുടെ ധനസഹായം അവർക്ക് നഷ്ടമായി. മമതയുടെ സ്വാർഥതയാണ് ഇതിന് പിന്നിൽ. കാൽക്കീഴിലെ മണ്ണ് ഒലിച്ചുതുടങ്ങി എന്ന് ബോധ്യമായപ്പോഴാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന മമത അംഗീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്തെ 25 ലക്ഷം കർഷകർ ഈ ആനുകൂല്യത്തിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ മമത ഭരണത്തോട് 'നമസ്തേ, റ്റാറ്റാ' പറയാൻ കാത്തിരിക്കുകയാണെന്നും ജയ് ശ്രീറാം വിളികൾ കേൾക്കുേമ്പാൾ മമതക്ക് ദേഷ്യം വരുകയാണെന്നും നഡ്ഡ പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനൊപ്പം അലങ്കരിച്ച ലോറിയിലാണ് നഡ്ഡ റാലിക്കെത്തിയത്. കർഷകർ രാജ്യമൊന്നാകെ ദേശീയ പാത തടയൽ സമരം നടത്തിയ ദിവസംതന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷക പരിപാടികളിൽ പങ്കെടുക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ ബംഗാളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.