നാഗാലാൻഡുകാർക്ക് സൗജന്യ ജറൂസലം യാത്രയുമായി ബി.ജെ.പി
text_fieldsകൊഹിമ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നാഗാലാൻഡിൽ വോട്ടർമാരെ സ്വാധീനിക്കാൻ വർഗീയ കാർഡുമായി ബി.ജെ.പി. മുതിർന്ന പൗരന്മാർക്ക് വിശുദ്ധ നഗരമായ ജറൂസലമിലേക്ക് സൗജന്യ തീർഥയാത്രയാണ് പ്രകടനപത്രികയിലെ വാഗ്ദാനം. മുതിർന്ന പൗരന്മാരുടെ പ്രത്യേക ബോർഡ് രൂപവത്കരിച്ച് എല്ലാ വർഷവും നറുക്കെടുപ്പ് നടത്തി 50 പേരെ ജറൂസലമിലേക്ക് കൊണ്ടുപോകും. അവസരം കിട്ടുന്നവർ പണം നൽകേണ്ടതില്ല.
ന്യൂനപക്ഷ പ്രീണനമാണെന്ന് പറഞ്ഞ് ഹജ്ജ് സബ്സിഡി ഒറ്റയടിക്ക് ഇല്ലാതാക്കി ഒരുമാസം കഴിയുേമ്പാഴാണ് രാജ്യത്തെ മറ്റൊരു ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ കേന്ദ്ര ഭരണകക്ഷിയുടെ നടപടി. അതേസമയം, കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രികയിൽ വിശുദ്ധഭൂമിയിലേക്ക് സബ്സിഡി നിരക്കിൽ യാത്ര സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ മറികടക്കാനാണ് ബി.ജെ.പി സൗജന്യ ജറൂസലം യാത്ര പദ്ധതിയുമായി രംഗത്തെത്തിയത്.
ബി.ജെ.പി തന്ത്രത്തോട് ക്രിസ്ത്യൻ ചർച്ചുകളിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ‘‘പാർട്ടികൾ വോട്ടു കിട്ടാൻ ജനങ്ങളുടെ മതവികാരം ഉണർത്തുകയാണ്. ഹജ്ജ് സബ്സിഡി നിർത്തലാക്കിയ ബി.ജെ.പി നാഗാലാൻഡുകാർക്ക് സൗജന്യ ജറൂസലം വാഗ്ദാനം ചെയ്തത് അദ്ഭുതപ്പെടുത്തുന്നു’’ -നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി റവ. സെൽഹൊ കിഹോ പറഞ്ഞു.
തരംതാണ രാഷ്ട്രീയത്തിന് പകരം ഖജനാവിലെ പണം വികസനത്തിന് ചെലവഴിക്കണമെന്നും ചർച്ച് കൗൺസിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.