'വൈദ്യുതി നിരക്ക് വർധന'വിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി; ഡൽഹിയേക്കാൾ ഉയർന്ന നിരക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. കമ്പനികൾ നിരക്ക് വർധിപ്പിച്ചതിനാൽ മെയ് 1 മുതൽ ഡൽഹിയിൽ വൈദ്യുതി വില വർധിച്ചതായാണ് ബി.ജെ.പിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ക്രമസമാധാനപാലനത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ഛ്ദേവയെ പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ട്.
പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെൻ്റ് ചാർജ് (പി.പി.സി) എമ്മ പേരിൽ പൊതുജനങ്ങളിൽ നിന്ന് വൻ തുകയാണ് വൈദ്യുതി കമ്പനികൾ ഈടാക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ച് സർക്കാർ യൂണിറ്റ് നിരക്ക് വർധിപ്പിച്ചില്ലെന്നും പകരം പി.പി.സിക്കും മീറ്റർ ലോഡിനും കീഴിലുള്ള നിരക്കുകൾ വർധിപ്പിച്ച് പൊതുജനത്തിൽ നിന്നും പണം പിരിച്ചെടുക്കുകയാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരോട് അവരുടെ വൈദ്യുതി ബില്ലുകൾ കൊണ്ടുവരാനായിരുന്നു പാർട്ടിയുടെ നിർദേശം.
അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വൈദ്യുതി വില ഏറ്റവും അധികമെന്നും സംസ്ഥാനങ്ങളിൽ ജനങ്ങൾ പവർകട്ട് ഉൾപ്പെടെയുള്ള ദുരിതം അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
ബി.എസ്.ഇ.എസ് രാജധാനി പവർ ലിമിറ്റഡ് (ബി.ആർ.പി.എൽ), ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ് (ബി.വൈ.പി.എൽ) എന്നീ കമ്പനികളാണ് നിലവിൽ വൈദ്യുത നിരക്ക് വർധിപ്പിച്ചത്. കിഴക്കൻ, മധ്യ ഡൽഹി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്ന ബി.വൈ.പി.എൽ 6.15 ശതമാനവും ദക്ഷിണ, പടിഞ്ഞാറൻ ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്ന ബി.ആർ.പി.എൽ 8.75 ശതമാനവുമാണ് വർധിപ്പിച്ചത്. പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെൻറ് കോസ്റ്റ് (പി.പി.എസി) പ്രകാരമാണ് നിരക്ക് വർധനയെന്ന് കമ്പനികൾ അറിയിച്ചു. ഉൽപ്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണത്തിനെത്തിക്കുമ്പോൾ ചിലവിലുണ്ടാകുന്ന വ്യത്യാസമാണ് ഇത്തരത്തിൽ ക്രമപ്പെടുത്തുന്നതെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
മറ്റൊരു വിതരണക്കമ്പനിയായ ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് നിരക്ക് വർധിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.