‘എം.വി.എ നേതാക്കൾ തെരഞ്ഞെടുപ്പ് ഫണ്ടിനായി ബിറ്റ്കോയിൻ കേസ് ദുരുപയോഗം ചെയ്തു’; ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ
text_fieldsമുംബൈ: ‘വോട്ടിന് പണവുമായി’ എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെ കൈയോടെ പിടികൂടിയതിന് പിന്നാലെ മഹാ വികാസ് അഘാഡി (എം.വി.എ) നേതാക്കൾക്കെതിരെ ബിറ്റ്കോയിൻ തട്ടിപ്പ് ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ. 2018ലെ ബിറ്റ്കോയിൻ തട്ടിപ്പ് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും പിന്നീട് ഇതേ കേസിൽ അറസ്റ്റിലാവുകയും ചെയ്ത രവീന്ദ്രനാഥ് പാട്ടീലാണ് ചൊവ്വാഴ്ച വൈകീട്ട് ആരോപണം ഉന്നയിച്ചത്.
കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ, സുപ്രിയ സുലെ എന്നിവർ തെരഞ്ഞെടുപ്പ് ഫണ്ടിനായി ബിറ്റ്കോയിൻ കേസ് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. വിനോദ് താവ്ഡെയെ പണവുമായി ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് രവീന്ദ്രനാഥ് പാട്ടീൽ രംഗത്തെത്തിയത്. ആരോപണത്തിനുപിന്നാലെ അന്വേഷണം ആവശ്യപ്പെട്ടും അഞ്ച് ചോദ്യങ്ങളുന്നയിച്ചും ബി.ജെ.പി രംഗത്തെത്തി. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട പടോലെ, സുപ്രിയ എന്നിവരുടെ ശബ്ദരേഖയും പുറത്തുവിട്ടു. ശബ്ദരേഖ തന്റേതല്ലെന്ന് വ്യക്തമാക്കിയ സുപ്രിയ ബി.ജെ.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് വ്യക്തമാക്കി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നുണപ്രചാരണമാണെന്നും അവർ പറഞ്ഞു.
അതേസമയം, ശബ്ദരേഖ തന്റെ സഹോദരിയുടേത് തന്നെയാണെന്ന് അജിത് പവാർ അവകാശപ്പെട്ടു. ബിറ്റ്കോയിൻ കേസിൽ ജയിലിൽ കിടന്ന ആളെ ഉപയോഗിച്ച് വ്യാജ ആരോപണം ഉന്നയിക്കാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് ശരദ് പവാർ പറഞ്ഞു. പണവുമായി വിനോദ് താവ്ഡെയെ പിടികൂടിയ സംഭവത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പി നടത്തിയ നാടകമാണിതെന്നും എം.വി.എ ആരോപിച്ചു.
രാഹുലിന്റെയും സോണിയയുടെയും നിർദേശപ്രകാരം -ബി.ജെ.പി
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിൽ ക്രിപ്റ്റോ തട്ടിപ്പ് നടന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര.
വിദേശത്തെത്തിച്ച് ബിറ്റ്കോയിൻ മാറിയെടുത്ത പണം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചു. ബി.ജെ.പിയാണ് വിവാദമുണ്ടാക്കിയതെന്ന കോൺഗ്രസ് വാദം ബാലിശമാണ്. 235 കോടിയുടെ അഴിമതി നടന്നത് 2018ലാണ്. മഹാ വികാസ് അഘാഡി സഖ്യം ഇങ്ങനെ തട്ടിയെടുത്ത പണം മുൻ തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചിട്ടുണ്ട്. തനിക്ക് പങ്കില്ലെങ്കിൽ രാഹുൽ ഗാന്ധി വിഷയത്തിൽ വാർത്തസമ്മേളനം വിളിക്കണമെന്നും സംബിത് പത്ര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.