തെലങ്കാനയിൽ 52 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; വിദ്വേഷ പ്രചാരകൻ രാജാസിങ്ങും പട്ടികയിൽ
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 52 സ്ഥാനാർഥികളുടെ പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചത്. വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ എം.എൽ.എ ടി. രാജാ സിങ്ങും പട്ടികയിലുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിൽ ഗോഷാമഹൽ എം.എൽ.എയായ രാജാസിങ്ങിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന്‍റെ സസ്പെൻഷൻ പാർട്ടി പിൻവലിച്ചത്. ഗോഷാമഹൽ മണ്ഡലത്തിൽനിന്നുതന്നെയാണ് വീണ്ടും മത്സരിക്കുന്നത്. തന്റെ സസ്‌പെൻഷൻ പിൻവലിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചാൽ ഒരു ‘സെക്കുലർ’ പാർട്ടിയിലും ചേരില്ലെന്നും ഹിന്ദു രാഷ്ട്രത്തിനായി പ്രവർത്തിക്കുമെന്നും അടുത്തിടെ രാജാ സിങ് പറഞ്ഞിരുന്നു.
മൂന്നു സിറ്റിങ് എം.പിമാരും പട്ടികയിലുണ്ട്. സഞ്ജയ് കുമാർ ബണ്ഡി, ബാപു റാവു സോയം, അരവിന്ദ് ധർമപുരി എന്നിവരാണ് മത്സരിക്കുന്ന എം.പിമാർ. വെള്ളിയാഴ്ച ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. കഴിഞ്ഞയാഴ്ച കോൺഗ്രസ് 55 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയതിനു പിന്നാലെയാണ് രാജാ സിങ്ങിന്‍റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പാർട്ടിയുടെ കേന്ദ്ര അച്ചടക്ക നടപടി സമിതിയുടെ സെക്രട്ടറിയായ ഓം പ്രകാശ് അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷാക്കും മറ്റു പാർട്ടി നേതാക്കൾക്കും രാജാ സിങ് നന്ദി പറഞ്ഞു.
119 മണ്ഡലങ്ങളുള്ള തെലങ്കാന നിയമസഭയിലേക്ക് നവംബർ 30നാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് 88 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഇത്തവണ പ്രചാരണത്തിന് ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.