'പാർട്ടി മാറി വന്നവർക്ക് വേണ്ടി തന്നെ ഒഴിവാക്കി'; അഴിച്ചുപണിയിൽ പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ്
text_fieldsകൊൽക്കത്ത: അഴിച്ചുപണിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തഴയപ്പെടുകയും തൃണമൂൽ കോൺഗ്രസിൽ നിന്ന് വന്ന മുകുൾ റോയിയെ ദേശീയ വൈസ്പ്രസിഡൻറാക്കുകയും ചെയ്ത പാർട്ടി നടപടിയിൽ രോഷം പുണ്ട് ബംഗാളിലെ ബി.ജെ.പി നേതാവ് രാഹുൽ സിൻഹ. 40 വർഷത്തോളം പാർട്ടിയെ സേവിച്ച തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഉൾപെടുത്താനായി ചുമതലയിൽ നിന്നും നീക്കിയതിൻെറ അമർഷമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
'കഴിഞ്ഞ 40 വർഷമായി ഞാൻ ബി.െജ.പിയുടെ പടയാളിയാണ്. തൃണമൂൽ കോൺഗ്രസിലെ നേതാവ് വരുന്നതോടെ നമ്മൾ മാറ്റി നിർത്തപ്പെടുകയാണ്. ജനിച്ച അന്ന് മുതൽ ബി.ജെ.പിയെ സേവിക്കുന്നതിന് ഈ പ്രതിഫലത്തേക്കാൾ നിർഭാഗ്യകരമായി മറ്റൊന്നുമില്ല'- ബംഗാളി, ഹിന്ദി ഭാഷകളിലുള്ള വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
'ഇതിൽ കൂടുതൽ ഒന്നും പറയില്ല. പാർട്ടിയിൽ നിന്നും ലഭിച്ച ഈ പാരിതോഷികത്തിന് അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പറയാനുള്ള കാര്യങ്ങളും ഭാവി തീരുമാനങ്ങളും 10, 12 ദിവസത്തിനുള്ളിൽ പറയും'- സിൻഹ പറഞ്ഞു.
അടുത്ത കാലത്തായി മുകുൾ റോയിയുടെ നേതൃത്വത്തിൽ ബംഗാളിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റങ്ങൾക്കുള്ള ആദ്യ പ്രതിഫലമെന്ന നിലയിലാണ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗത്തിൽ നിന്നും മുകുൾ റോയിക്ക് ഉപാധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിച്ചത്. മുകുൾ റോയി പാർട്ടി വിട്ട് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പി തന്ത്രങ്ങളുടെ ഭാഗമാണ് അഴിച്ചുപണി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനായി ഡൽഹിയിൽ നടത്തിയ യോഗത്തിൽ ബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലിപ് ഘോഷും റോയിയും ഏറ്റുമുട്ടിയതായി റിപോർട്ടുകളുണ്ടായിരുന്നു.
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ റോയ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017ലാണ് പാർട്ടി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.