'ഡാനിഷ് അലിക്കെതിരെ കൂടി അന്വേഷണം നടത്തണം'; പാർലമെന്‍റിൽ ബിധുരിയുടെ അസഭ്യപരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തിൽ ബഹുജൻ സമാജ് വാദി പാർട്ടി എം.പി ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പി അസഭ്യ പരാമർശം ഉന്നയിച്ച സംഭവത്തിൽ ഡാനിഷ് അലിയുടെ അനുചിത പെരുമാറ്റത്തിനെതിരെ കൂടി അന്വേഷണം നടത്തണമെന്ന് സ്പീക്കറോട് ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദൂബെയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി എം.പി രമേശ് ബിധുരി നടത്തിയ പരാമർശങ്ങൾ മാന്യതയുള്ള സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു എം.പി സംസാരിക്കുന്നതിനിടെ തടയുന്നത് ലോക്സഭ ചട്ടപ്രകാരം തെറ്റാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിക്കെതിരെ അന്വേഷണം വേണമെന്ന ദൂബെയുടെ പരാമർശം.
"ലോക്സഭ സ്പീക്കർ ഡാനിഷ് അലിയുടെ അനുചിതമായ പെരുമാറ്റത്തെ കുറിച്ചും സ്പീക്കർ അന്വേഷിക്കേണ്ടതുണ്ട്. ലോക്സഭ ചട്ടപ്രകാരം ഒരു എം.പി അയാൾക്ക് അനുവദിച്ചിരിക്കുന്ന സമയത്തിൽ സംസാരിക്കുന്നതിനെ തടസപ്പെടുത്തുന്നത് കുറ്റകരമാണ്. ഇരുന്ന ശേഷവും സംസാരിച്ചുകൊണ്ടേയിരുന്നതും ഡാനിഷ് അലി ചെയ്ത കൂറ്റമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പതിനഞ്ചുവർഷക്കാലമായി ലോക്സഭ എം.പിയായി പ്രവർത്തിച്ചുവരികയാണെന്നും ഇത്തരമൊരു ദിവസം അഭിമുഖീകരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാനിഷ് അലിക്കെതിരെയുള്ള പരാമർശം വിവാദമായതോടെ എം.പിയോട് ബി.ജെ.പി കാരണം വ്യക്തമാക്കണമെന്ന് നിർദേശിച്ചിരുന്നു. സ്പീക്കർ ഓം ബിർളയും ബിധുരിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരാമർശം വേദനിപ്പിച്ചുവെന്നും ബിധുരിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കർക്ക് കത്ത് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.