ഗുജറാത്തിൽ മുസ്‍ലിം വോട്ടുകൾ പിളർത്തി ബി.ജെ.പി; വിജയം ഒരൊറ്റ മുസ്‍ലിം സ്ഥാനാർഥിയെ പോലും നിർത്താതെ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി റെക്കോർഡ് വിജയത്തോടെ ബി.ജെ.പി ഏഴാം തവണയും അധികാരം നിലനിർത്തിയത് എങ്ങനെയെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഒറ്റ മുസ്‍ലിം സ്ഥാനാർഥിയെ പോലും കളത്തിലിറക്കാതെ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വ്യക്തമായ ആധിപത്യം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
കോൺഗ്രസിന് ശക്തമായ തിരിച്ചടി നൽകി ഗുജറാത്തിലെ മുസ്‍ലിം ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലും മേധാവിത്വം നേടാൻ ബി.ജെ.പിക്ക് സാധിച്ചു.ഏറ്റവും കൂടുതൽ മുസ്‍ലിം വോട്ടർമാരുള്ള 17 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിൽ. അഞ്ചെണ്ണത്തിൽ മാത്രമേ കോൺഗ്രസിന് ഭൂരിപക്ഷമുള്ളൂ. മുൻകാല ചരിത്രം പരിശോധിച്ചാൽ ഈ വോട്ടുകളെല്ലാം പോയത് കോൺഗ്രസിന്റെ അക്കൗണ്ടിലേക്കായിരുന്നു. ഉദാഹരണമായി, 10 വർഷമായി കോൺഗ്രസ് കൈയടക്കി വെച്ച മണ്ഡലമാണ് മുസ്‍ലിം ഭൂരിപക്ഷമുള്ള ദരിയാപൂർ. ഇവിടെ കോൺഗ്രസ് എം.എൽ.എ ഗിയാസുദ്ദീൻ ശൈഖ് ബി.ജെ.പി സ്ഥാനാർഥിയായ കൗശിക് ജെയിനിനോട് പരാജയം ഏറ്റുവാങ്ങി.
സ്ഥാനാർഥികളെ നിർത്തിയ 16 മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും എ.എ.പിക്ക് ചലനമുണ്ടാക്കാനായില്ല. അതേസമയം, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും എ.എ.പിക്കും കോൺഗ്രസിന്റെ പരമ്പരാഗത മുസ്‍ലിം വോട്ടുകൾ പിളർത്താൻ സാധിച്ചു. രണ്ട് മുസ്‍ലിം ഇതരടക്കം എ.ഐ.എം.ഐ.എം 13 സ്ഥാനാർഥികളെയാണ് നിർത്തിയത്. തുടർന്ന് വാദ്ഗാം ജമൽപൂർ-ഘാഡിയ മണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ എ.ഐ.എം.ഐ.എം സ്ഥാനാർഥികൾക്ക് ലഭിച്ചു. കോൺഗ്രസിന്റെ ഇംറാൻ ഖേഡവാലയാണ് ജമൽപൂരിൽ പരാജയപ്പെട്ടത്. വാദ്ഗാമിൽ നേരിയ വോട്ടിനാണ് ജിഗ്നേഷ് മേവാനി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.