ഉത്തരാഖണ്ഡിലേക്കൊരു മുഖ്യന്ത്രിയെ തേടി ബി.ജെ.പി; തീരുമാനമാകാതെ ചർച്ചകൾ
text_fieldsമാരത്തൺ ചർച്ചക്കൊടുവിലും ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ദേശീയ നേതാക്കൾ ഡൽഹിയിൽ ഉത്തരാഖണ്ഡ് നേതൃത്വവുമായി ചൊവ്വാഴ്ച മാരത്തൺ ചർച്ചകളാണ് നടത്തിയത്. എന്നാൽ, സമവായത്തിലെത്താനായില്ല.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും പാർട്ടി സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി രണ്ടര മണിക്കൂർ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പങ്കെടുത്തു. പിന്നീട് ധാമിയും ഉത്തരാഖണ്ഡിൽനിന്നുള്ള ബി.ജെ.പി എം.പി അനിൽ ബലൂണിയും പാർലമെന്റിൽ അമിത് ഷായുമായും ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്താനായിട്ടില്ല.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ അമിത് ഷായെയും രാജ്‌നാഥ് സിങ്ങിനെയും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകീട്ട്, നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിങ്, സന്തോഷ്, ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഉത്തരാഖണ്ഡിൽ തുടർച്ചയായ രണ്ടാം വിജയം നേടിയെങ്കിലും ധാമി തന്റെ മണ്ഡലത്തിൽ പരാജയപ്പെട്ടതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയപ്പോൾ ധാമിക്ക് വീണ്ടും അവസരം നൽകണമെന്ന് മറുവിഭാഗം വാദിക്കുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.