രോഹിത് വെമുലയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചു; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് റിപോർട്ട് സമർപ്പിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കോൺഗ്രസും സഖ്യകക്ഷികളും ദലിതരെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. രോഹിത് വെമുല ദളിതനല്ലെന്നും യഥാർഥ ജാതി പുറത്തറിയുന്ന ഭയത്തിലാണ് ആത്മഹത്യയെന്നും കാണിച്ചാണ് തെലങ്കാന പൊലീസ് കോടതിയിൽ റിപോർട്ട് നൽകിയത്.
രാഹുൽ ഗാന്ധി വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ രാഹുൽ ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ എക്സിൽ പങ്കുവെച്ചു.
രോഹിത് വെമുലയുടെ മരണത്തെ രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിച്ചു. ഇപ്പോൾ കോൺഗ്രസ് സർക്കാറിന് കീഴിലുള്ള തെലങ്കാന പൊലീസ് വെമുല എസ്.സിയിൽ വിഭാഗത്തിൽ ഉൾപ്പെട്ടയാളല്ല എന്ന് പ്രസ്താവിച്ച് ക്ലോഷർ റിപോർട്ട് സമർപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി ദലിതരോട് മാപ്പ് പറയുമോ? -അമിത് മാളവ്യ ചോദിച്ചു.
കോൺഗ്രസും 'സെക്കുലർ' പാർട്ടികളും പലപ്പോഴും ദലിതരെകളെ അവരുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അവർക്ക് നീതി നൽകുന്നതിൽ എല്ലായ്പ്പോഴും പരാജയപ്പെട്ടു. ഇത് മറ്റൊരു ഉദാഹരണമാണെന്നും അമിത് മാളവ്യ പറഞ്ഞു.
അതേസമയം, രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന നൽകി തെലങ്കാന ഡി.ജി.പി രവി ഗുപ്ത രംഗത്തുവന്നു. രോഹിത് വെമുലയുടെ കേസിലെ അന്തിമ റിപോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ട്. കേസിൽ കോടതിയോട് ഇടപ്പെടാൻ അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിൽ താൻ നേരിട്ടിരുന്ന ദലിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിത് വെമുല ആത്മഹത്യ ചെയ്തത്. താൻ അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.