ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഗോഡ്സെ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത് -മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് ഗോഡ്‌സെ അജണ്ട നടപ്പാക്കുകയാണ് ബി.ജെ.പിയെന്ന് മെഹ്ബൂബ ആരോപിച്ചു. കേന്ദ്ര സർക്കാറിന്റെ മണ്ഡല പുനർനിർണയ കരടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേർതിരിക്കുന്ന ബി.ജെ.പിയുടെ വിഭജന അജണ്ടയുടെ പ്രതിഫലനമാണ് കരടെന്നും ഇത് പാർട്ടിക്ക് സ്വീകാര്യമല്ലെന്നും മെഹ്ബൂബ പറഞ്ഞു. ഗോഡ്‌സെയുടെ ഇന്ത്യയാക്കി മാറ്റാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. തികഞ്ഞ ഏകാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ബിജെപി തങ്ങളുടെ മണ്ഡലങ്ങൾ ശക്തിപ്പെടുത്താനും വോട്ടർമാരെ അപ്രസക്തമാക്കാനും ശ്രമിക്കുകയാണ്. ജമ്മു കശ്മീരിലെ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കരടെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 23ന് ഗുപ്ഖർ സഖ്യത്തിന്റെ യോഗത്തിൽ കരടിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
കശ്മീരിലെ മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെക്കുറിച്ചും മെഹ്ബൂബ ചോദ്യംചെയ്തു. തങ്ങൾക്ക് പ്രതികൂലമായി ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.