2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 32 സീറ്റ് നേടുമെന്ന് ബി.ജെ.പി
text_fieldsപട്ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 40 സീറ്റിൽ 32ഉം നേടുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി. ബിഹാറിൽ 2025ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്നും പാർട്ടി വൃത്തങ്ങൽ അറിയിച്ചു.
നിതീഷ് കുമാർ ബി.ജെ.പിയെ പിന്നിൽ നിന്ന് കുത്തി കോൺഗ്രസിന്‍റെയും ആർ.ജെ.ഡിയുടെയും മടിയിലിരുന്ന് പ്രധാനമന്ത്രിയാകാനുള്ള മോഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാർ തെരഞ്ഞടുപ്പിനെ കുറിച്ചുള്ള പാർട്ടിയുടെ പുതിയ പ്രസ്താവന.
നിതീഷ് ആർ.ജെ.ഡി സഖ്യം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തുടച്ച് നീക്കുമെന്നും ഒരു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും പാർട്ടി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ജാതി ഒരു ഘടകമല്ലെന്നും സീമാഞ്ചലും ബംഗാളിലെ മറ്റ് ഭാഗങ്ങളും കീറിമുറിച്ച് കേന്ദ്രഭരണ പ്രദേശം രൂപീകരിക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു.
ആഗസ്റ്റിലാണ് സഖ്യകക്ഷിയായ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് ആർ.ജെ.ഡിക്കൊപ്പം സർക്കാർ രൂപീകരിച്ചത്. ഒമ്പത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നത്. 2017ലാണ് ലാലു പ്രസാദ് യാദവിന്‍റെ മഹാസഖ്യത്തിൽ നിന്ന് പിരിഞ്ഞ് നിതീഷ് ബി.ജെ.പിയുമായി കൈകോർത്തത്. 2013ൽ മോദിയെ ദേശീയ നേതാവായി ഉയർത്തിയതാണ് നിതീഷ് ബി.ജെ.പിയുമായി പിരിയാനുള്ള കാരണം. പിന്നീട് കൃത്യം നാലുവർഷങ്ങൾക്ക് ശേഷം ലാലു പ്രസാദ് യാദവുമായുള്ള പ്രശ്നങ്ങൾക്കിടെ പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തുകയും നിതീഷ് വീണ്ടും എൻ.ഡി.എയുടെ ഭാഗമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.