ബി.ജെ.പിക്ക് തിരിച്ചടിയായി സ്വന്തം വിഡിയോ; വ്യാജ ദൃശ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി -VIDEO
text_fieldsന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്കെതിരെ വിമർശനം ശക്തം. രാജ്യതലസ്ഥാനത്തെ റോഡുകളുടെയും അഴുക്കുചാലുകളുടേയും ശോച്യാവസ്ഥ കാണിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി പ്രചാരണ വിഡിയോ തയാറാക്കിയത്. എന്നാൽ, ഈ ദൃശ്യങ്ങൾ അവർക്ക് തന്നെ കുരുക്കാകുകയായിരുന്നു.
ബി.ജെ.പി പുറത്തുവിട്ട വിഡിയോയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഫരീദാബാദിൽ നിന്നുള്ളതാണെന്ന് വ്യക്തമായതോടെയാണ് കള്ളക്കളി പുറത്തായത്. ബി.ജെ.പി തന്നെ ഭരിക്കുന്ന ഹരിയാനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡൽഹിയിൽ നിന്നുള്ളതാണെന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിൽ അവർ ഉൾപ്പെടുത്തിയത്. ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രണ്ട് യുവതികൾ തകർന്ന് കിടക്കുന്ന വെള്ളക്കെട്ടുള്ള റോഡിലൂടെ ഓട്ടോയിൽ സഞ്ചരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് യുവതികൾ കുറ്റപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡ് മോശമായതിനാൽ കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനെ സംബന്ധിച്ചും യുവതികൾ പരാതി പറയുന്നുണ്ട്. ഈ സംഭാഷണത്തിനൊപ്പം ഒടുവിൽ ഓട്ടോ ഡ്രൈവറും ചേരുന്നു
പത്ത് വർഷം മുമ്പ് നമ്മൾ ചെയ്ത തെറ്റാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ഇപ്പോൾ മാറ്റത്തിനുള്ള അവസരമാണെന്ന് ഡ്രൈവർ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ എ.എ.പി ഇതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി.
ഇതിനൊടുവിലാണ് വിഡിയോയിൽ കാണുന്ന റോഡുകൾ ഡൽഹിയിലേത് അല്ലെന്നും ഹരിയാനയിലേതാണെന്നും വ്യക്തമായത്. വിഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ ആം ആദ്മി പാർട്ടി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.