അവസാനദിവസവും ഹനുമാനിൽ അഭയംതേടി ബി.ജെ.പി
text_fieldsബംഗളൂരു: 16ാം നിയമസഭ തെരഞ്ഞെടുപ്പിനായി കർണാടക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ അവസാനദിവസവും ഭരണകക്ഷിയായ ബി.ജെ.പി അഭയംതേടിയത് ഹനുമാനിൽ. നിശ്ശബ്ദപ്രചാരണ ദിവസമായ ചൊവ്വാഴ്ച വിവിധയിടങ്ങളിൽ നേതാക്കൾ പങ്കെടുത്ത ഹനുമാൻ ചാലിസ പാടൽ ചടങ്ങ് നടത്തി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹുബ്ബള്ളിയിലെ ഹനുമാൻ മന്ദിറിൽ പ്രവർത്തകർക്കൊപ്പം ചാലിസ പാടി. തെരഞ്ഞെടുപ്പ് സമിതി കൺവീനറും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത്ലജെ ബംഗളൂരുവിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി. ഇതിന്റെയടക്കം ദൃശ്യങ്ങൾ സംഘ്പരിവാർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു.
വിശ്വഹിന്ദ് പരിഷത്തും ബജ്റംഗ് ദളും വിവിധയിടങ്ങളിൽ ഹനുമാൻ ചാലിസ നടത്തി. ജനകീയ പ്രശ്നങ്ങളല്ല, ഹിജാബ് പോലുള്ള വിഷയങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ പറഞ്ഞത്.
ഭരണവിരുദ്ധ വികാരം മറയ്ക്കാൻ ഹിന്ദുത്വയാണ് ആദ്യാവസാനം പ്രചാരണത്തിനായി ഉപയോഗിച്ചത്. ബജ്റംഗ് ദൾ പോലുള്ള തീവ്രസംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ പരാമർശത്തിൽ തൂങ്ങിയായിരുന്നു പിന്നീടുള്ള പ്രചാരണം.
പ്രധാനമന്ത്രി മോദിയടക്കം നടത്തിയ റോഡുഷോയിലും പരിപാടികളിലും ഹനുമാൻ മുഖംമൂടി അണിഞ്ഞവരും വേഷം കെട്ടിയവരുമായിരുന്നു ഏറെയും. ജയ് ഹനുമാൻ വിളികളും ഉയർന്നു. വർഷങ്ങൾക്കു മുമ്പ് കാസർകോട് സ്വദേശി വരച്ച ‘കോപാകുലനായ ഹനുമാൻ’ ചിത്രങ്ങളും കൊടികളുമാണ് കർണാടകയിലുടനീളം ഉപയോഗിച്ചത്.
ഹനുമാന്റെ ചിരപരിചിതമായ സാധാരണഭാവം ബോധപൂർവം മാറ്റുകയായിരുന്നു സംഘ്പരിവാർ. ടിപ്പുവിന്റെയും ശിവജിയുടെയും അനുയായികൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് പ്രചരിപ്പിച്ച ബി.ജെ.പി അവസാന നാളുകളിൽ ടിപ്പുവിന്റെ അനുയായികളും ഹനുമാന്റെ അനുയായികളും തമ്മിലാണ് മത്സരമെന്ന് മാറ്റി.
ബി.ജെ.പി ഭരണത്തിൽ നശിച്ച ഹനുമാൻ ക്ഷേത്രങ്ങളുടെ കണക്കുകൾ പുറത്തുവിട്ടാണ് കോൺഗ്രസ് പ്രതിരോധം തീർത്തത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കെ.ആർ. മാർക്കറ്റിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയിരുന്നു. തന്നെ കോൺഗ്രസ് ആക്ഷേപിച്ചതിന്റെ കണക്കുകളും ദേശീയതയുമാണ് മോദി വ്യാപകമായി ഉന്നയിച്ചത്. എന്നാൽ പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളല്ല, ജനകീയപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങളെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.