ബി.ജെ.പി വക്താവിന്റെ പ്രവാചകനെതിരായ പരാമർശം: കാൺപൂരിലെ അക്രമത്തിൽ 36 പേരെ അറസ്റ്റ് ചെയ്തു
text_fieldsകാൺപൂർ: ബി.ജെ.പി വക്താവ് പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലെ കാൺപൂരിലുണ്ടായ അക്രമങ്ങളിൽ 36 പേരെ അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ വിഡിയോ ക്ലിപ്പുകൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തിരിച്ചറിയാത്ത അക്രമികൾക്കെതിരെ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഡിയോ പരിശോധന കൂടുതൽ പേരെ തിരിച്ചറിയാൻ സഹായിക്കുമെന്ന് പൊലീസ് കമ്മീഷണർ വിജയ് സിങ് മീണ പറഞ്ഞു. അക്രമത്തിനു ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കും. അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പൊലീസ് വ്യക്തമാക്കി. നഗരത്തിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷമാണ് കാൺപൂരിലെ വിവിധ ഭാഗങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചക്കിടെ ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ നൂപുർ ശർമക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാർക്കറ്റുകൾ അടച്ചുപൂട്ടാൻ ഒരു വിഭാഗം ആഹ്വാനം ചെയ്തു. ഒരു വിഭാഗം അതിനെ എതിർത്തു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറും ഏറ്റുമുട്ടലും നടക്കുകയായിരുന്നു.
50-100 പേർ പെട്ടെന്ന് തെരുവിൽ ഒത്തു കൂടി മുദ്രാവാക്യം വിളിക്കുകയും മറ്റൊരു വിഭാഗം ഇവർക്കുനേരെ കല്ലെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 13 പൊലീസുകാർക്കും ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള 30 പേർക്കും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.