‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ജിഹാദികളെ സംരക്ഷിക്കുന്നു’; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ എല്ലാ പരിധികളും ലംഘിച്ചുവെന്നും ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കാനും അവരെ കള്ളക്കേസിൽ കുടുക്കാനുമായി വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നും പൂനാവാല പറഞ്ഞു.
ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചവർക്കും ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതിന്‍റെ പിന്നിലെ ഉദ്ദേശ്യമെന്താണ്? കേരള മുഖ്യമന്ത്രി ജിഹാദികൾക്കെതിരെയുള്ള കുറ്റങ്ങളെ വെള്ളപൂശുകയാണെന്നും ഷെഹ്സാദ് ആരോപിച്ചു.
"വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ഇന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഖാലിദ് മിഷ്അലിനെ പോലെയൊരാളെ ആഗോള ജിഹാദിനെ കുറിച്ച് വിഷം തുപ്പാൻ ക്ഷണിച്ച സംഭവത്തിനെതിരെ സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല കേരളത്തിൽ നടക്കുന്നത്. ഇസ്ലാമിസ്റ്റ് ജിഹാദ് നടത്തുന്ന പി.എഫ്.ഐ പോലുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ സ്വൈരവിഹാരത്തിന് അനുമതിയുണ്ട്. അവർ ഇസ്ലാമിസ്റ്റ് ജിഹാദുകളെ സംരക്ഷിച്ച് ദേശീയവാദികൾക്കെതിരെ കള്ളക്കേസെടുക്കുകയാണ്.
ഇടതുപക്ഷം ഹമാസിനെ അഭിനന്ദിക്കുകയാണ്. കോൺഗ്രസും ലീഗും പോലുള്ളവരും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ട്. ‘ഇൻഡ്യ’ സഖ്യം തീവ്രവാദ സംഘടനകളെ നിയമവിധേയമാക്കുകയും ന്യായീകരിക്കുകയും ചെയ്തു. യാക്കൂബ് മേമനും അഫ്സൽ ഗുരുവും നിരപരാധികളാണെന്ന് അവർ കണ്ടെത്തി. ദേശീയവാദികൾക്കെതിരെ കേസെടുക്കാനും അവർക്ക് തിരക്കാണ്" -പൂനാവാല പറഞ്ഞു.
കളമശ്ശേരി കൺവെൻഷൻ സെന്‍റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിനായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. സൈബർ സെൽ എസ്.ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.