ബി.ജെ.പി പാംലെറ്റുകളിലൂടെ കോവിഡ് പടർത്തുന്നുവെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബി.ജെ.പി പാംലെറ്റുകളിലൂടെ കോവിഡ് പടർത്തുകയാണെന്ന വിമർശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ്. രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയുമായി യു.പിയിലെ മുസഫർനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.
ബി.ജെ.പി പാംലെറ്റ് വിതരണം ചെയ്തും കോവിഡ് പടർത്തുകയാണ്. ഇത്തരക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കണം. എങ്ങനെയാണ് കൊറോണ പടരുന്നതെന്ന് പോലും ഇവർ മറന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീടുകൾ തോറും കയറി പാംലെറ്റുകൾ വിതരണം ചെയ്യുന്നതിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ടാണ് അഖിലേഷ് യാദവ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. യു.പിയിലെ എസ്.പി-ആർ.എൽ.ഡി സഖ്യം നെഗറ്റീവ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും അഖിലേഷ് പറഞ്ഞു. എസ്.പി സർക്കാർ അധികാരത്തിലെത്തിയാൽ സംഭരിക്കുന്ന കരിമ്പിന്റെ വില 15 ദിവസത്തിനുള്ളിൽ കർഷകർക്ക് നൽകുമെന്നും പ്രഖ്യാപിച്ചു.
ജയന്ത് ചൗധരിയെ ക്ഷണിച്ച ബി.ജെ.പി നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് അവരുടെ ക്ഷണം ആരെങ്കിലും സ്വീകരിക്കുമോയെന്നായിരുന്നു അഖിലേഷിന്റെ മറുചോദ്യം. നിങ്ങൾ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കു, പരസ്യമായി ഇങ്ങനെ ഒരാളെ പാർട്ടിയിലേക്ക് ക്ഷണിക്കാനുള്ള സാഹചര്യമാണോ ബി.ജെ.പിയിൽ നിലനിൽക്കുന്നതെന്ന് അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.