എൽ.കെ. അദ്വാനിക്ക് ഭാരത രത്ന
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന എൽ.കെ. അദ്വാനിക്ക് ഭാരത രത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പോസ്റ്റ് വഴി പുരസ്കാര വിവരം അറിയിച്ചത്. ബഹുമതി ലഭിച്ചതിൽ പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
''എൽ.കെ. അദ്വാനി ജിക്ക് ഭാരത രത്ന നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ്, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരണീയമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ച് തുടങ്ങി ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതുമായിരുന്നു ''- പ്രധാനമന്ത്രി കുറിച്ചു.
അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ അദ്വാനിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. തർക്കഭൂമിയിൽ അയോധ്യ ക്ഷേത്രത്തിനായി രഥയാത്ര നടത്തിയ വ്യക്തിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിരുന്നു. അയോധ്യയിൽ കൊടുംതണുപ്പായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് അദ്വാനിയുടെ അസാന്നിധ്യത്തിന് ദേശീയമാധ്യമങ്ങൾ നൽകിയ വിശദീകരണം. പ്രായമേറെയായെന്നും അനാരോഗ്യമുണ്ടെന്നും കാരണമായി പറയുന്നു.
എന്നാൽ, ചടങ്ങിന് വരേണ്ടതില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥ് ക്ഷേത്രം ജനറൽ സെക്രട്ടറി ചംപത് റായ് അദ്വാനിയെയും മുൻ കേന്ദ്ര മന്ത്രി മുരളി മനോഹർ ജോഷിയെയും അറിയിച്ചിരുന്നു. ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ചംപത് റായ് കഴിഞ്ഞ മാസം പറഞ്ഞത്. ഇത് വിവാദമായതോടെ വി.എച്ച്.പി ഇരുവരെയും ക്ഷണിച്ച് മുഖം രക്ഷിച്ചിരുന്നു. അദ്വാനിക്ക് 96 ആണ് പ്രായം.
80കളിൽ അദ്വാനിയുൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ മെനഞ്ഞെടുത്ത തീവ്രഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയും തുടർന്ന് 90കളിൽ നടത്തിയ രഥയാത്രയുമാണ് രാജ്യത്ത് ബി.ജെ.പിയുടെ തലവര മാറ്റി അധികാരത്തിലേക്കുള്ള വഴിയൊരുക്കാൻ നിമിത്തമായത്. 1990 സെപ്റ്റംബർ 25നാണ് അദ്വാനി നെടുനീളെ വർഗീയ പ്രസംഗങ്ങളുമായി രഥയാത്രക്ക് തുടക്കം കുറിച്ചത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കും വിധം ആൾക്കൂട്ടത്തെ സജ്ജമാക്കാൻ ഇതുവഴിസാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.