ബിഹാറിൽ ബി.ജെ.പിക്ക് തിരിച്ചടി; സീറ്റ് നിഷേധിക്കപ്പെട്ട പാർട്ടി ഉപാധ്യക്ഷന്‍ എല്‍.ജെ.പിയില്‍
text_fieldsപട്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബി.ജെ.പിക്ക് തിരിച്ചടി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ രാജേന്ദ്ര സിങ് എൽ.ജെ.പിയിൽ ചേർന്നു. എൽ.ജെ.പി. അധ്യക്ഷൻ ചിരാഗ് പാസ്വാന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ആർ.എസ്.എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് രാജേന്ദ്ര സിങ്. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾ മുമ്പ് രാജേന്ദ്ര സിങ് എൽ.ജെ.പിയിലെത്തിയത് ബി.ജെ.പി ക്യാമ്പിൽ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്.
ദിനാര മണ്ഡലത്തിൽ ജെ.ഡി.(യു) സ്ഥാനാർഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്‍റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി ജയ് കുമാർ സിങ്ങാണ് ഇവിടുത്തെ ജെ.ഡി(യു). സ്ഥാനാർഥി. 2015ൽ ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന രാജേന്ദ്ര സിങ് ജയ് കുമാർ സിങ്ങിനോട് തോറ്റിരുന്നു.
ഇരുവരും തമ്മിലുള്ള രണ്ടാംവട്ട പോരാട്ടമാണ് ഇത്തവണ ദിനാരയിൽ നടക്കുക. 2015ൽ 2691 വോട്ടുകൾക്കാണ് ജയ്കുമാർ സിങ്ങിനോട് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്. 36 വർഷമായി സംഘ്പരിവാർ സംഘടനകളുടെ സജീവ പ്രവർത്തകനായ രാജേന്ദ്ര സിങ് 2015ൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്ന നേതാവാണ്.
രാജേന്ദ്ര സിങ്ങിന് പുറമേ, പാലിഗഞ്ച് എം.എൽ.എ ആയിരുന്ന ഡോ. ഉഷ വിദ്യാർഥിയും സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി വിട്ട് എൽ.ജെ.പിയിൽ ചേർന്നു.
അതേസമയം, ജെ.ഡി.യു നേതാവും ദുംറാവ് എം.എൽ.എയുമായ ദദൻ സിങ് യാദവ് എൽ.ജെ.പിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എൽ.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ മണ്ഡലത്തിൽ ജെ.ഡി.(യു)വിന്‍റെ അൻജും ആരയ്ക്കെതിരെ ദദൻ മത്സരിക്കുമെന്നാണ് സൂചന.
ചൊവ്വാഴ്ച സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാൻ ദദൻ തീരുമാനിച്ചിരുന്നു. എന്നാൽ, എൽ.ജെ.പയിൽ നിന്ന് വാഗ്ദാനം ലഭിച്ചതിനാൽ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.