കേന്ദ്രസർക്കാരിനെ മാറ്റാൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞുവെന്ന് എം.കെ. സ്റ്റാലിൻ; ‘ഡി.എം.കെ. തമിഴ്നാട്ടിലെ ജനങ്ങളെ കുടുംബമായി കണ്ട് ഭരിക്കുന്ന പാർട്ടിയാണ്’
text_fieldsകേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെയിലും ഇന്ത്യാ മുന്നണിയിലും വലിയ വിശ്വാസമാണ് ജനങ്ങൾക്കുള്ളത്. പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം പ്രഭാതസവാരിക്കിടെ ആളുകളെ കാണുന്നതും ഞാൻ എന്റെ ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. അവരോട് സംസാരിക്കുമ്പോൾ വല്ലാത്ത ആവേശമാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഡി.എം.കെ സർക്കാരിൻ്റെ പദ്ധതികളിൽ നിന്ന് നേരിട്ട് എങ്ങനെ പ്രയോജനം നേടിയെന്ന് നാട്ടുകാർ പങ്കുവെക്കുന്നു.
ബി.ജെ.പിയുടെ 10 വർഷത്തെ ഭരണത്തിൽ തമിഴ്‌നാടിന്റെ വികസനത്തിനായി ഒരു പദ്ധതിയും നടന്നിട്ടില്ലെന്നും അവർ പറയുന്നു. കേന്ദ്രസർക്കാരിനെ മാറ്റാൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് രംഗം കാണിക്കുന്നതെന്ന് സ്റ്റാലിൻ പറയുന്നു.
വിവിധ വംശങ്ങളിലും ഭാഷകളിലും മതങ്ങളിലും പാരമ്പര്യങ്ങളിലും സംസ്‌കാരത്തിലും പെട്ട ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ഇതുവരെയുള്ള വിജയത്തിൻ്റെ അടിത്തറ. ഇത് തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ സമാധാനം തകർക്കാനാണ് ബി.ജെ.പി നീക്കം. പ്രത്യേകിച്ച് തമിഴ്‌നാടിൻ്റെ മണ്ണ് സാമുദായിക സൗഹാർദത്തിൻ്റേതാണ്. ഇവിടെ വർഗീയ രാഷ്ട്രീയം വളർത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് എതിരാണ് എന്നും ഈ നാട്.
ഈ സന്ദേശം രാജ്യത്തുടനീളം എത്തിക്കാനും പകരം സാമുദായിക സൗഹാർദത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ നാടായി ഇന്ത്യയെ മാറ്റാനുമുള്ള ശ്രമങ്ങൾ ഇന്ത്യാ മുന്നണി ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ സാന്നിധ്യം കാണിക്കാൻ ബി.ജെ.പി വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അത് അംഗീകരിക്കാൻ തയ്യാറല്ല. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ സമ്പൂർണ വിജയത്തിന് നല്ല സാധ്യതകളുണ്ടെന്നും സ്റ്റാലിൽ പറഞ്ഞു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കാൻ ബി.ജെ.പിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിൽ അധികാരത്തിലിരിക്കുന്നതിൻ്റെ ഗുണവും മാധ്യമപ്രചാരണത്തിലെ തങ്ങളുടെ ശക്തിയും ഉപയോഗിച്ച് പ്രതിച്ഛായ കെട്ടിപ്പടുക്കാനാണിപ്പോൾ ശ്രമിക്കുന്നത്. ഏപ്രിൽ 19ന് (തെരഞ്ഞെടുപ്പ് ദിവസം) തമിഴ്‌നാട്ടിലെ ജനങ്ങൾ ബി.െജ.പിക്ക് മറുപടി നൽകും.
ഡി.എം.കെ ഒരു ‘കുടുംബ പാർട്ടി’ ആണെന്ന വിമർശനത്തിന് അതെ എന്നുതന്നെയാണ് ഉത്തരമെന്നും സ്റ്റാലിൽ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ ഒരു കുടുംബമായി കണ്ട് ഭരിക്കുന്ന പാർട്ടിയാണ് ഡി.എം.കെയെന്ന് ഞാൻ ആവർത്തിക്കുന്നു. എല്ലാ കുടുംബങ്ങൾക്കും നന്മ ചെയ്യുന്ന പാർട്ടിയാണിത്. ജനാധിപത്യത്തിൽ ജനപിന്തുണ നേടുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും വേണം. ഒരു കുടുംബാംഗമായതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പിനെ നേരിടാതെ ഒരാൾക്ക് ഉന്നതപദവിയിലെത്താനാകില്ലെന്നും സ്റ്റാലിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.