ഗുജറാത്ത് തെരഞ്ഞെടുപ്പിന് വിവാദം കത്തിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ നടന്നേക്കുമെന്ന സൂചനകൾക്കിടയിൽ 2002ലെ വംശഹത്യ വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക്.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹ്മദ് പട്ടേലായിരുന്നു ടീസ്റ്റ സെറ്റൽവാദിന്റെ മോദിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി അഹ്മദാബാദ് കോടതിയിൽ ഗുജറാത്ത് പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിവാദം കത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വംശഹത്യ കേസിൽ മോദിക്ക് സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയതിന്‍റെ പിറ്റേന്ന് ടീസ്റ്റ സെറ്റൽവാദിനെ മുഖ്യപ്രതിയാക്കി ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യവാങ്മൂലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യ കേസിൽ കുരുക്കാൻ നോക്കിയത് അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലാണെന്നും അത് ചെയ്തത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വേണ്ടിയാണെന്നുമുള്ള ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. എന്നാൽ കലാപവേളയിൽ മോദിയെ 'രാജ്ധർമ' ഓർമിപ്പിച്ചത് അന്നത്തെ ബി.ജെ.പി പ്രധാനമന്ത്രി വാജ്പേയി ആണെന്നും കലാപത്തിലെ പങ്കാളിത്തം മറച്ചുവെച്ച് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ ബി.ജെ.പി നടത്തുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. ടീസ്റ്റയെ കൂടാതെ വംശഹത്യയിൽ മോദിക്കെതിരെ മൊഴി നൽകിയ ഗുജറാത്തിലെ ഐ.പി.എസ് ഓഫിസർമാരായിരുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെയും പ്രതി ചേർത്ത കേസിലാണ് വിവാദ സത്യവാങ്മൂലം.
ആർ.ബി. ശ്രീകുമാറുമൊത്ത് നിരവധി തവണ ടീസ്റ്റയെ കണ്ടുവെന്ന് പറയുന്ന ഒരു സാക്ഷിയുടെ മൊഴിയാണ് സത്യവാങ്മൂലത്തിലേറെയും. ശ്രീകുമാറുമൊത്ത് ഒരിക്കൽ ടീസ്റ്റയെ കാണാൻ പോയപ്പോൾ മൂന്ന് ദിവസത്തിനകം ബി.ജെ.പി സർക്കാറിന് രാജിവെക്കേണ്ടി വരുമെന്ന് ടീസ്റ്റ പറഞ്ഞത് ഈ സാക്ഷി കേട്ടുവത്രേ. 30 ലക്ഷം രൂപ രണ്ടു തവണകളായി ഇതേ സാക്ഷി മുഖേന പട്ടേൽ ടീസ്റ്റക്ക് നൽകിയെന്നും ഇത് ദുരിതാശ്വാസ പ്രവർത്തനത്തിനായിരുന്നില്ലെന്നും പൊലീസ് തുടർന്നു.
ന്യൂഡൽഹിയിലെ അഹ്മദ് പട്ടേലിന്‍റെ വസതിയിൽ നാല് മാസത്തിന് ശേഷം ടീസ്റ്റയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഒരുമിച്ചുകൂടിയെന്നും പട്ടേലിനെ ഇവർ കണ്ടുവെന്നും ആരോപണം തുടർന്നു.
സ്വയം കുറ്റമുക്തനാക്കാൻ മോദി പയറ്റുന്ന തന്ത്രം -കോൺഗ്രസ്
ഗുജറാത്തിൽ വർഗീയ കൂട്ടക്കുരുതി അരങ്ങേറിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുറ്റമുക്തനാക്കാൻ പയറ്റുന്ന വ്യവസ്ഥാപിത തന്ത്രത്തിന്റെ ഭാഗമാണ് ആരോപണമെന്ന് കോൺഗ്രസ്. പരേതനായ അഹ്മദ് പട്ടേലിനെതിരെ കെട്ടിച്ചമച്ച ദുരാരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ കോൺഗ്രസ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കുടിപ്പകയുടെ സംവിധാനം മരിച്ചുപോയ രാഷ്ട്രീയ എതിരാളികളെപ്പോലും വെറുതെ വിടുന്നില്ലെന്ന് വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.
അന്വേഷണം സോണിയയുടെ വാതിൽ പടിക്കൽ -ബി.ജെ.പി
ഗുജറാത്തിന്റെ പ്രതിഛായ തകർക്കാനുള്ള ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം എത്തി നിൽക്കുന്നത് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ വാതിൽപടിക്കലാണ് എന്ന് ബി.ജെ.പി ആരോപിച്ചു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന അഹ്മദ് പട്ടേലിന് വേണ്ടിയായിരുന്നു ഇതെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.