വിജയാഘോഷത്തിനിടെ ബിഹാറിൽ ബി.ജെ.പി അനുയായികൾ പള്ളി തകർത്തു; അഞ്ചുപേർക്ക് പരിക്ക്
text_fieldsപറ്റ്ന: ബിഹാറിൽ കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയ ഘോഷയാത്രക്കിടെ ബി.ജെ.പി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിക്കുള്ളിൽ മഗ്‌രിബ് പ്രാർഥന നടത്തുകയായിരുന്ന അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. മൂന്നുപേർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പള്ളിയിലുണ്ടായിരുന്ന വസ്തുവകകൾ അക്രമിസംഘം മോഷ്ടിച്ചുകൊണ്ടുപോയി. പള്ളിയുടെ മൈക്കും രണ്ട് കവാടങ്ങളും തകർത്തു.
ജാമുവയിൽ 20-25 മുസ്ലിം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. മറ്റു സമുദായത്തിൽപെട്ട 500 കുടുംബങ്ങളും ഇവിടെയുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാമുവ ഉൾെപ്പടുന്ന ധാക്ക മണ്ഡലത്തിൽ ബിജെപി നേതാവ് പവൻ കുമാർ ജയ്‌സ്വാളാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പവൻ ജയ്സ്വാളിെൻറ വിജയം ആഘോഷിക്കാനായി 500 ഓളം പേരുടെ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. മഗ്‌രിബ് നമസ്കാരത്തിനിടെ ഇവർ പള്ളിക്ക് കല്ലെറിയുകയായിരുന്നെന്ന് പള്ളി പരിപാലകൻ മസ്ഹർ ആലം 'ദ വയറി'നോട് പറഞ്ഞു. 'പള്ളിയുടെ അടുത്തെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി. പള്ളിയുടെ കവാടങ്ങളും മൈക്കും തകർത്തു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് തകർക്കപ്പെട്ടത്. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടൻ ഇവിടം വിട്ടുപോകണമെന്നും അക്രമിസംഘം വിളിച്ചുപറഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ മുസ്ലിം കുടുംബങ്ങൾ ഇപ്പോൾ ഭയപ്പാടിലാണ്. പക്ഷേ, അധികാരികൾ ഞങ്ങളോട് ഒപ്പമുണ്ടെന്നും ആരെയും ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആലം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭയ് കുമാർ പറഞ്ഞു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.