മകൻ ബുദ്ധമതവിശ്വാസിയായ സ്ത്രീയോടൊപ്പം ഒളിച്ചോടി; മുതിർന്ന നേതാവിനെ പുറത്താക്കി ബി.ജെ.പി
text_fieldsശ്രീനഗർ: മകൻ ബുദ്ധമതത്തിൽപ്പെട്ട യുവതിയുമായി ഒളിച്ചോടി വിവാഹം ചെയ്തതിന് പിന്നാലെ മുതിർന്ന നേതാവും ലഡാക് സംസ്ഥാന അധ്യക്ഷനുമായ പിതാവിനെ പുറത്താക്കി ബി.ജെ.പി. മുതിർന്ന ബി.ജെ.പി നേതാവായ നസീർ അഹമദിനെയാണ് പാർട്ടി പുറത്താക്കിയത്. നസീർ അഹമദിന്‍റെ മകൻ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കാനാകില്ലെന്നും ഇത് ലഡാക്കിലെ മതസൗഹാർദത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബി.ജെ.പി വ്യക്തമാക്കി. എന്നാൽ മകന്‍റെ വിവാഹവുമായി തനിക്ക് ബന്ധമില്ലെന്നും തന്‍റെയും കുടുംബത്തിന്‍റെയും എതിർപ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതരായിരിക്കുന്നതെന്നും നസീർ പറഞ്ഞു.
ഒരു മാസം മുമ്പായിരുന്നു ഇരുവരും ഒളിച്ചോടുന്നതും വിവാഹിതരാകുന്നതും. ഇതിന് പിന്നാലെ വിഷയത്തിൽ നസീറിനുള്ള പങ്ക് കണ്ടെത്താൻ പാർട്ടി അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ മതസമുദായങ്ങൾക്കുള്ളിൽ ഒളിച്ചോട്ടം അനുചിതമായാണ് കണക്കാക്കുന്നതെന്നും സംഭവം പ്രദേശത്തെ മതസൗഹാർദത്തെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നസീറിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. ഉന്നതതല യോഗം ചേർന്നതിന് ശേഷമായിരുന്നു നടപടി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നത്.
അതേസമയം തനിക്ക് വിവാഹവുമായി ബന്ധമില്ലെന്നും ഇരുവരുടെയും ബന്ധത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും നസീർ അഹമദ് പറഞ്ഞു. താൻ ഹജ്ജ് ചെയ്യാനായി സൗദിയിലേക്ക് പുറപ്പെട്ട 2011ൽ ഇരുവരും നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നുവെന്നും നസീർ പറഞ്ഞു. ഇരുവരും ഒളിച്ചോടിയതിന് പിന്നാലെ തന്നോട് സ്ഥാനമൊഴിയാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും മകനെ കണ്ടെത്താൻ സാധിക്കാതിരുന്നിനാലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്പതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.