യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് മുന്നേറ്റം, വാരാണസിയിൽ തോൽവി
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ ഉപരിസഭയായ നിയമസഭ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ ബി.ജെ.പിക്ക് തോൽവി. ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒഴിവുള്ള മറ്റ് 36 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 30ലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ബി.ജെ.പി ഉപരിസഭയിൽ ഭൂരിപക്ഷം നേടാനുള്ള ഒരുക്കത്തിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉത്തർപ്രദേശിലെ ഇരു സഭകളിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
വാരാണസിയിൽ പ്രാദേശിക നേതാവ് ബ്രിജേഷ് സിങ്ങിന്റെ ഭാര്യ അന്നപൂർണ സിങ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 2016ൽ ഇവിടെ സ്വതന്ത്രനായി മത്സരിച്ച് ബ്രിജേഷ് സിങ് വിജയിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിനെതിരെ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
എന്നാൽ, ഇത്തവണ ബി.ജെ.പി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷമായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായിട്ടില്ല. ഈയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് 111 സീറ്റുകൾ എസ്.പി നേടിയിരുന്നു.
എം.പിമാർ, എം.എൽ.എമാർ, നഗര കോർപ്പറേറ്റർമാർ, ഗ്രാമതല പ്രതിനിധികൾ എന്നിവരാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലെ വോട്ടർമാർ. മുൻ സർക്കാറിലെ ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) അംഗമായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വന്തം തട്ടകമായ ഗോരഖ്പൂരിൽനിന്ന് വോട്ട് രേഖപ്പെടുത്തി. ബി.ജെ.പിയാണ് ഇവിടെ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.