ഗാസിപ്പൂരിലെ മാലിന്യനിക്ഷേപത്തിൽ എ.എ.പിയെ ലക്ഷ്യമിട്ട് ബി.ജെ.പി
text_fieldsന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ ലാൻഡ്ഫിൽ സൈറ്റിൽ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തിൽ വ്യാപക പ്രതിക്ഷേധമാണ് നടക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീപിടിത്തം ആരംഭിച്ചയുടൻ വലിയ തോതിലുള്ള രാഷ്ട്രീയ കലഹങ്ങൾക്ക് വഴിതെളിച്ചിരുന്നു. മാലിന്യനിക്ഷേപത്തെച്ചൊല്ലി ബി.ജെ.പിയും എ.എ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം മുറുകുകയാണ്.
ഗാസിപൂർ മാലിന്യനിക്ഷേപ കേന്ദ്രത്തിലുണ്ടായ തീപിടിത്തവും അതിന്‍റെ ഫലമായുണ്ടായ മലിനീകരണവും കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള എം.സി.ഡിയുടെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണെന്ന് ഡൽഹി ബി.ജെ.പി വക്താവ് പ്രവീൺ ശകർ കപൂർ പറഞ്ഞു. ഡൽഹിയിലെ എല്ലാ ലാൻഡ്ഫിൽ സൈറ്റുകളെ കുറിച്ചും കഴിഞ്ഞ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തിരുന്നു.
ബി.ജെ.പി നേതാവായ കപിൽ മിശ്ര ഗാസിപൂർ മാലിന്യനിക്ഷേപത്തിൻ്റെ വീഡിയോ സഹിതം എക്സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചത്. 'ഡൽഹിയിലെ ഗാസിപൂർ ലാൻഡ്‌ഫില്ലിൽ വൻ തീപിടിത്തം ഉണ്ടായി. വിഷപ്പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു. ഈ പുക കെജ്രിവാളിൻ്റെ നുണകൾ പോലെ വിഷമാണ്.' മിശ്ര എക്സിൽ കുറിച്ചു. ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഈ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർക്കിടയിൽ ഈ വിഷയം പരസ്യമായി അവതരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.
'ഈ മാലിന്യനിക്ഷേപ സ്ഥലങ്ങൾ വൃത്തിയാക്കുന്നതിൽ എ.എപി. പരാജയപ്പെട്ടതിനാൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഈ വിഷയം ഞങ്ങൾ ഏറ്റെടുക്കും.'ദില്ലി ബി.ജെ.പി നേതാവ് പറഞ്ഞു. ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവയും എം.സി.ഡിയിലെ പ്രതിപക്ഷ നേതാവ് രാജാ ഇഖ്ബാൽ സിംഗും തിങ്കളാഴ്ച ഗാസിപൂർ മാലിന്യനിക്ഷേപ സ്ഥലം സന്ദർശിക്കും. ഡൽഹിയിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ ഗാസിപൂർ, ഭലാസ്വ എന്നിവിടങ്ങളിൽ തീപിടിത്തം ഇത് ആദ്യമല്ല. എല്ലാ വർഷവും വേനൽക്കാലം അടുക്കുന്നതോടെ താപനില ഉയരുകയും ലാൻഡ്ഫിൽ സൈറ്റുകൾക്ക് തീ പിടിച്ച് സമീപത്തുള്ള ആളുകളുടെ ജീവിതം ദുഷ്കരമാകുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.