തെലങ്കാന ലക്ഷ്യമിട്ട് ബി.ജെ.പി; ദേശീയ നിർവാഹക സമിതി നാളെ
text_fieldsതെലങ്കാനയും ദക്ഷിണേന്ത്യയും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന ദേശീയ നിർവാഹക സമിതിക്ക് ശനിയാഴ്ച ഹൈദരാബാദിൽ തുടക്കം. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ നിർവാഹക സമിതിക്ക് മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. ഇതോടനുബന്ധിച്ചുള്ള പ്രദർശനം ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്കുപുറമെ മുതിർന്ന കേന്ദ്രമന്ത്രിമാർ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നിർവാഹക സമിതിയിൽ പങ്കെടുക്കും. ഇന്ന് ജെ.പി. നഡ്ഡയുടെ റോഡ് ഷോയോടെ തുടങ്ങുന്ന പരിപാടികൾ ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയോടെ സമാപിക്കും.
തെലങ്കാന പിടിക്കാനിറങ്ങിയ ബി.ജെ.പിക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കൂറ്റൻ ബോർഡുകളുമായി തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) മറു പ്രചാരണത്തിന് പോസ്റ്റർ യുദ്ധം തുടങ്ങിയതിനുപിന്നാലെ സൈബറാബാദ് മെട്രോപോളിറ്റൻ കമീഷണറുടെ പരിധിയിൽ ഇന്നുമുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാന പാലനത്തിനുമാണ് നിരോധനാജ്ഞയെന്ന് കമീഷണർ സ്റ്റീഫൻ രവീന്ദ്ര പറഞ്ഞു.
അടുത്തവർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിനും 2024ലെ പൊതുതെരഞ്ഞെടുപ്പിനും പാർട്ടിയെ ഒരുക്കുകയാണ് ദേശീയ നിർവാഹക സമിതിയുടെ പ്രധാന അജണ്ട. മിഷൻ തെലങ്കാനയെപ്പോലെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്കും സമിതി രൂപം നൽകും. സംസ്ഥാനത്തെ 119 നിയമസഭ മണ്ഡലങ്ങളിൽനിന്നുമുള്ള പ്രവർത്തകരെ സമാപന റാലിക്ക് പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബി.ജെ.പി. യോഗം നടക്കുന്ന രണ്ടുദിവസവും മോദി ഹൈദരാബാദിലുണ്ടാകും.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് 'സാലൂ ദോര, സെലവു ദോര' (മതിയായി സർ, ഗുഡ്ബൈ സർ) എന്ന മുദ്രാവാക്യവുമായി ഒരു കൗണ്ട്ഡൗൺ ക്ലോക്ക് നാംപള്ളിയിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്തിനുപുറത്ത് സ്ഥാപിച്ചിരിക്കുകയാണ് ബി.ജെ.പി. ഇതിന് മറുപടിയായി 'മോദിയെ മാറ്റൂ, ഭാരതത്തെ രക്ഷിക്കൂ' 'ബൈ, ബൈ മോദി' പോസ്റ്ററുകൾ ടി.ആർ.എസും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.