യു.പി: ചരിത്രമെഴുതാൻ ബി.ജെ.പി; അട്ടിമറിക്കാൻ എസ്.പി
text_fieldsലഖ്നോ: തുടർഭരണമെഴുതാത്ത ചരിത്രമാണ് 1985 മുതൽ ഉത്തർപ്രദേശിന് പറയാനുള്ളത്. അതുകൊണ്ടുതന്നെ ഭരണകക്ഷിയായ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നത് ചെറിയ കാര്യമല്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 403 നിയോജക മണ്ഡലങ്ങളിലേക്കായി ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. 2024ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരിക്കൽകൂടി രാജ്യഭരണം കൈയാളാമെന്ന് ആശിക്കുന്ന ബി.ജെ.പിക്ക് അതറിയാനുള്ള ഉരകല്ലാണ് യു.പി തെരഞ്ഞെടുപ്പ്. 80 ലോക്സഭ സീറ്റുകളാണ് യു.പിയിലുള്ളത്.
2017ൽ 312 സീറ്റിൽ ഒറ്റക്കു ജയിച്ചാണ് യു.പിയിൽ ബി.ജെ.പി അധികാരമേറിയത്. സഖ്യമടക്കം അത് 325 ആയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാകും ഇക്കുറിയും പാർട്ടിയുടെ മുഖം. തുടർഭരണം ഉറപ്പിക്കാനുള്ള ഏതു നീക്കത്തിനും പച്ചക്കൊടിയുമായി കേന്ദ്ര സർക്കാറും മോദിയുമുണ്ട്.
2017ൽ വെറും 49 സീറ്റുനേടിയ സമാജ് വാദി പാർട്ടിയാണ് ഇക്കുറിയും ബി.ജെ.പിയുടെ മുഖ്യ എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിവരുന്ന സംസ്ഥാന പര്യടനത്തിലെ വൻ ജനപങ്കാളിത്തവും നൽകിയ ആത്മവിശ്വാസത്തിലാണ് എസ്.പി. ഒമ്പതു ശതമാനമുള്ള പരമ്പരാഗത യാദവവോട്ടുകൾക്കും 15 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾക്കും അപ്പുറം സ്വാധീനം വർധിപ്പിച്ചാലേ സ്വപ്നം പൂവണിയൂ എന്ന് എസ്.പിക്ക് അറിയാം. യാദവ ഇതര ഒ.ബി.സി വോട്ടുകൾ 35 ശതമാനം വരും.
ഇതിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പിച്ചാൽ നേട്ടം കൊയ്യാമെന്നാണ് അഖിലേഷിന്റെ കണക്കുകൂട്ടൽ. ബി.എസ്.പിയിൽനിന്നും ബി.ജെ.പിയിൽനിന്നും ആളുകൾ എസ്.പിയിലേക്കു വരുന്നത് മികച്ച സൂചനയായാണ് അഖിലേഷ് കാണുന്നത്. മോദി നിർമാണ ഉദ്ഘാടനം ചെയ്ത പദ്ധതികൾ പ്രവർത്തന ഉദ്ഘാടനം നടത്തുന്നത് എസ്.പി സർക്കാറാകുമെന്നാണ് അഖിലേഷിന്റെ പ്രഖ്യാപനം. മാഫിയ ഭരണമാണ് യു.പിയിൽ നടക്കുന്നതെന്നും ക്രിമിനലുകളുടെ എണ്ണം കൂടുന്നത് സർക്കാറിന്റെ പിടിപ്പുകേടാണെന്നും തന്റെ പര്യടനത്തിലുടനീളം അഖിലേഷ് പ്രസംഗിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിലൂടെ അവരുടെ അങ്കലാപ്പിന്റെ ആഴം ബോധ്യമാകുന്നുണ്ടെന്ന് അഖിലേഷ് വിമർശിക്കുന്നു. ബി.ജെ.പി നിലംപരിശാകുന്ന ദിനമാണ് വോട്ടെണ്ണുന്ന മാർച്ച് പത്ത് എന്നാണ് എസ്.പിയുടെ ടാഗ് ലൈൻ.
അവസാന തെരഞ്ഞെടുപ്പിൽ 19 സീറ്റാണ് മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയുടെ സമ്പാദ്യം. അപ്ന ദളിന് ഒമ്പത് സീറ്റ്. ഇതിനും പിന്നിൽ ഏഴു സീറ്റാണ് കോൺഗ്രസിന്. ഇത് ഇരട്ട അക്കമെങ്കിലും ആക്കാനാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിക്കുന്നത്. സ്ത്രീകൾക്കു സ്കൂട്ടർ നൽകും എന്നതടക്കമുള്ള വാഗ്ദാനങ്ങൾ പ്രിയങ്ക നിരത്തിക്കഴിഞ്ഞു. മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം പ്രിയങ്ക പ്രസംഗിച്ച റാലികളിലെ വൻ ജനക്കൂട്ടം കഴിഞ്ഞ കുറെ വർഷങ്ങൾക്കുശേഷമാണ് കാണാനായത് എന്നത് കോൺഗ്രസിന് നൽകുന്ന പ്രത്യാശ ചെറുതല്ല.
വികസന വാഗ്ദാനത്തിലൂടെ ജനപിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പി നീക്കം. അതിനുവേണ്ടി എക്സ്പ്രസ് വേക്കും വൻകിട ജലസേചനപദ്ധതിക്കുമെല്ലാം തറക്കല്ലിടാൻ പ്രധാനമന്ത്രിതന്നെ യു.പിയിലെത്തി. ഇതിലെല്ലാമുപരി, ഹിന്ദുത്വകാർഡാണ് വോട്ട് നേടാൻ ഏറ്റവും മികച്ച മാർഗമെന്നും നേതാക്കൾക്കറിയം. അയോധ്യയിലെ രാമക്ഷേത്രവും കാശിയിലെ വിശ്വനാഥക്ഷേത്രവുമെല്ലാം ബി.ജെ.പിക്ക് അതിനുള്ള വഴിമരുന്നാണ്. കർഷകസമരം, കോവിഡ് പ്രതിരോധത്തിലെ വീഴ്ച തുടങ്ങി സാധാരണക്കാരിൽ പ്രത്യാഘാതം ഉണ്ടാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്ക അവർ പുറത്തുകാട്ടുന്നില്ല എന്നു മാത്രം.
രാഷ്ട്രീയത്തിൽ മതത്തിന്റെ ദുരുപയോഗം പെരുകുന്നത് തടയണം -മായാവതി
ലഖ്നോ: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിൽ മതത്തിന്റെ ദുരുപയോഗം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.
ആകുലതയുണ്ടാക്കുന്ന ഈ പ്രവണത തെരഞ്ഞെടുപ്പ് കമീഷൻ തടയണമെന്നും അവർ ആവശ്യപ്പെട്ടു. യു.പിയിലെ മുസ്ലിം ന്യൂനപക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച്, മത്സരം 80 ശതമാനവും 20 ശതമാനവും തമ്മിലായിരിക്കുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രസ്താവന. ശനിയാഴ്ചയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി തെരഞ്ഞെടുപ്പിൽ മതത്തെ ഉപയോഗിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും മായാവതി ആരോപിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ തെരഞ്ഞെടുപ്പിനെയും മൊത്തം രാജ്യത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നും മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.