കുരുക്കാൻ ബി.ജെ.പി; പൊരിക്കാൻ മഹുവ
text_fieldsന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര വ്യാഴാഴ്ച ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി മുമ്പാകെയെത്തി വിശദീകരണം നൽകും. വ്യാഴാഴ്ച നിർബന്ധമായും ഹാജരാകണമെന്ന കമ്മിറ്റി ചെയർമാന്റെ നിർദേശത്തിന് വഴങ്ങിയാണിത്. അതേസമയം, പാർലമെന്റ് സമിതി നടപടികളുടെ ഭാഗമായി തനിക്ക് സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ ചെയർമാൻ മാധ്യമങ്ങൾക്കു നൽകിയത് അനുചിതമാണെന്ന വിശദീകരണത്തോടെ, നേരത്തേ ചെയർമാന് താൻ നൽകിയ കത്തിന്റെ പകർപ്പ് മഹുവ മൊയ്ത്ര പുറത്തുവിട്ടു.
നവംബർ രണ്ടിന് നിർബന്ധമായും ഹാജരായില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ച് മഹുവക്ക് നൽകിയ കത്തിന്റെ വിശദാംശങ്ങളാണ് എത്തിക്സ് കമ്മിറ്റി ചെയർമാൻ മാധ്യമങ്ങൾക്കു നൽകിയത്. ചോദ്യക്കോഴ സംബന്ധിച്ച പരാതിയിൽ കഴമ്പില്ലെന്ന് സമിതിയെ ബോധ്യപ്പെടുത്തുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ചോദ്യക്കോഴ സംബന്ധിച്ച പരാതി ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽ വരുന്നതാണ്. അത് പരിശോധിക്കേണ്ടത് നിയമപരമായി ചുമതലപ്പെട്ടവരാണ്, പാർലമെന്റ് സമിതിയല്ല. കോഴ നൽകിയെന്നു പറഞ്ഞ വ്യവസായി ദർശൻ ഹീരാനന്ദാനി, അഭിഭാഷകൻ ജയ് ആനന്ദ് എന്നിവരെ ക്രോസ്വിസ്താരം ചെയ്യാൻ തനിക്ക് അവസരം നൽകണമെന്നും മഹുവ ആവശ്യപ്പെട്ടു.
ചോദ്യക്കോഴക്ക് ഇരുവരും രേഖാപരമായ തെളിവ് നൽകണം -മഹുവ പറഞ്ഞു. ലോക്സഭ വെബ്സൈറ്റിലെ മഹുവ മൊയ്ത്രയുടെ അക്കൗണ്ടിൽ ദുബൈയിൽനിന്ന് 47 തവണ ലോഗിൻ ചെയ്തുവെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് പ്രചാരണം ഉയർന്നിട്ടുണ്ട്. മഹുവയുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ കയറി ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന് എത്തിക്സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നൽകിയ വ്യവസായി ദർശൻ ഹീരാനന്ദാനി ദുബൈയിലാണ്. 47 തവണ ദുബൈയിൽനിന്ന് ലോഗിൻ ചെയ്തിട്ടുണ്ടെന്ന് പറയുന്നത് ശരിയാണെങ്കിൽ മഹുവക്കെതിരെ എല്ലാ എം.പിമാരും നിലപാട് സ്വീകരിക്കണമെന്ന് പരാതിക്കാരനായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.