യു.പിയിൽ പിന്നാക്ക മുസ്‌ലിംകളിലേക്കിറങ്ങാൻ ബി.ജെ.പി; നാളെ ബുദ്ധിജീവി സമ്മേളനം
text_fieldsലഖ്നോ: യു.പിയിൽ പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളുടെ സമ്മേളനം വിളിച്ചുചേർക്കാൻ ബി.ജെ.പി. 'പസ്മാന്ദ ബുദ്ധിജീവി സമ്മേളനം' എന്ന പേരിൽ ഞായറാഴ്ച ലഖ്നോവിലാണ് സമ്മേളനം നടക്കുക. ബി.ജെ.പി ന്യൂനപക്ഷ വിഭാഗമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളുടെ (പസ്മാന്ദ) സമ്മേളനം വിളിക്കുന്നതെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കൂടുതൽ ഇറങ്ങാൻ നേതൃത്വം ആഹ്വാനം ചെയ്ത പരിപാടികളുടെ ഭാഗമായാണ് സമ്മേളനം.
യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സമ്മേളനത്തിൽ മുഖ്യാതിഥിയാകും. യു.പി മന്ത്രിസഭയിലെ ഏക മുസ്‌ലിം പ്രതിനിധിയും പിന്നാക്ക വിഭാഗക്കാരനുമായ ഡാനിഷ് അസദ് അൻസാരി, ബി.ജെ.പി ന്യൂനപക്ഷ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി സാബിർ അലി തുടങ്ങിയവർ പങ്കെടുക്കും. പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെ ബുദ്ധിജീവികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
നാലരക്കോടിയോളം വരുന്ന മുസ്‌ലിം ജനതയുടെ ക്ഷേമത്തിനായുള്ള പ്രധാനന്ത്രിയുടെ പദ്ധതികളും യോഗി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുമാണത്രെ സമ്മേളനം ചർച്ചചെയ്യുക. യു.പിയിൽ മുസ്‌ലിംകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബി.ജെ.പിയുടെ പ്രധാന വേദിയാകും സമ്മേളനമെന്ന് ന്യൂനപക്ഷ വിഭാഗം സംസ്ഥാന അധ്യക്ഷൻ കൻവർ ബാസിത് അലി പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യു.പിയിൽ മുസ്‌ലിം വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാൻ ബി.ജെ.പി പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തൽ. ഒരു കാലത്ത് എസ്.പിക്കും ബി.എസ്.പിക്കും കീഴിൽ അണിനിരന്ന, യു.പിയിലെ മുസ്‌ലിം ജനസംഖ്യയിൽ 85 ശതമാനം വരുന്ന, പിന്നാക്ക മുസ്‌ലിംകളെ വോട്ടുബാങ്കാക്കുകയാണ് ലക്ഷ്യം.
ദേശീയതലത്തിൽ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ന പേരിൽ ബി.ജെ.പിയും സംഘ്പരിവാറും സജീവ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതി യോഗത്തിലാണ് മറ്റു സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെകൂടി പാർട്ടിയിലേക്കാകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.