ഷിൻഡെക്ക് ആശ്വാസ പാക്കേജ്; മഹാരാഷ്ട്ര കാബിനറ്റിൽ ബി.ജെ.പി മേധാവിത്വം
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിൽ ബി.ജെ.പിക്ക് 12 മന്ത്രിമാരുണ്ടാകുമെന്ന് റിപ്പോർട്ട്. മൂന്ന് ഉന്നത വകുപ്പുകളും കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കും. മുഖ്യമന്ത്രി പദം വിട്ടുകൊടുത്തതിന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെക്ക് ആശ്വാസ പാക്കേജുമുണ്ട്. മഹായുതി സഖ്യത്തിലെ മറ്റൊരു അണിയായ എൻ.സി.പിക്ക് ഒമ്പത് മന്ത്രിമാരെ ലഭിച്ചേക്കും. മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാരാണ് കാബിനറ്റിലുണ്ടാവുക. അതിൽ പകുതിയും ബി.ജെ.പിക്കായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
നഗര വികസനം, പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളായിരിക്കും ഷിൻഡെ വിഭാഗത്തിന് ലഭിക്കാൻ സാധ്യത. രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒന്ന് എൻ.സി.പിക്കും മറ്റൊന്ന് ശിവസേനക്കുമാണ്. മന്ത്രിസഭയിൽ ജാതി സമവാക്യം ഉറപ്പുവരുത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഷിൻഡെ മറാത്തക്കാരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യതയുള്ള ദേവേന്ദ്ര ഫഡ്നാവിസ് ബ്രാഹ്മണനുമാണ്. അതിനാൽ മറാത്ത വിഭാഗത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
മറാത്ത വിഭാഗക്കാരുടെ നേതാവായ മനോജ് ജാരംഗ് ഫഡ്നാവിസ് മറാത്തക്കാരുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ ഈ ദുഷ്പേര് മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.മറാത്ത വികാരം വ്രണപ്പെടാത്ത വിധത്തിലായിരിക്കണം പുതിയ സർക്കാർ രൂപവത്കരണമെന്നും ഫഡ്നാവിസ് മുഖ്യമന്ത്രിയാൽ അതിന് സാധ്യതയുണ്ടെന്നും താവ്ഡെ അമിതാ ഷായോട് പറഞ്ഞതായും പാർട്ടി വൃത്തങ്ങളിൽനിന്ന് സൂചനയുണ്ട്.
മന്ത്രിസഭ രൂപവത്കരണത്തിന് തടസ്സം നിൽക്കില്ലെന്നും ബി.ജെ.പിയുടെ മുഖ്യമന്ത്രിയെ അംഗീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഷിൻഡെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വ്യാഴാഴ്ച സഖ്യകക്ഷികളായ ഫഡ്നാവിസും ഷിൻഡെയും എൻ.സി.പി നേതാവ് അജിത് പവാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നിർണായക കൂടിക്കാഴ്ച നടത്തുന്നുണ്ട്. 5.30നാണ് അമിത് ഷായുമായി മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച.
നിയമസഭ തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിലെ 230 സീറ്റും സ്വന്തമാക്കിയാണ് മഹായുതി ഉജ്വല വിജയം നേടിയത്. 132 സീറ്റുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന (ഷിൻഡെ വിഭാഗം) 57ഉം എൻ.സി.പി (അജിത് വിഭാഗം) 41 സീറ്റും നേടി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (എം.വി.എ) മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 46 സീറ്റുകൾ മാത്രമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.