ബംഗാളിൽ ആഡംബര ഹോട്ടലുകൾ ബുക്ക് ചെയ്ത് ബി.ജെ.പി; തെരഞ്ഞെടുപ്പ് കമീഷൻ കണക്ക് വെച്ചോളൂവെന്ന് എതിരാളികൾ
text_fieldsെകാൽക്കത്ത: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിലെ അധികാരം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയുടെ പ്രചരണകോലാഹലങ്ങളിലെ പണക്കൊഴുപ്പ് കണ്ട് മൂക്കത്ത് വിരൽവെക്കുകയാണ് എതിരാളികൾ. ഭാരത് ബെൻസിന്‍റെ 'രഥ'ത്തിൽ പ്രചരണം തുടങ്ങിയ ബി.ജെ.പി, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ ൈഫവ് സ്റ്റാർ ഹോട്ടലുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ബി.ജെ.പിയുടെ മീഡിയ സെന്‍റർ പ്രവർത്തിക്കുന്നത് ഹോട്ടൽ ഹിന്ദുസ്ഥാൻ ഇന്‍റർനാഷനലിലാണ്.
പ്രചാരണം ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നേതാക്കൻമാർക്ക് തങ്ങാനുമെല്ലാമുള്ള സൗകര്യങ്ങൾ ആഡംബര ഹോട്ടലുകളിലാണ് ബി.ജെ.പി ഒരുക്കിയിട്ടുള്ളത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾ ദീർഘകാലത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പിയുടെ ബംഗാളിലെ ഒാഫീസ് നവീകരിച്ചതിന് പുറമെയാണ് ഹോട്ടലുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തിട്ടുള്ളത്. ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗവും ഐ.ടി സെല്ലും പ്രത്യകം സജീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാലുനിലകളിലായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലേക്ക് മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രവേശനം നൽകുന്നില്ല. ആഡംബര ഹോട്ടലിൽ സജീകരിച്ച മീഡിയ സെന്‍ററിലൂടെയാണ് മാധ്യമങ്ങളുമായി ബന്ധപ്പെടുന്നത്. സാമൂഹിക മാധ്യമ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ദിവസവും 250 ഉൗൺ വിതരണം ചെയ്യുന്നുണ്ടെന്നാണ് കൊൽക്കത്തയിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണ മാനേജ്മെന്റ് ബംഗാളിന് പരിചയമില്ലാത്ത നടപടിയാണ്. ബി.ജെ.പി ധനികരുടെ പാർട്ടി മാത്രമാണെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രചരണ പരിപാടിയെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു. തെരഞ്ഞെടുപ്പ് ചിലവുകളിൽ ഹോട്ടൽ വാടകയടക്കമുള്ള ഉൾപ്പെടുന്നുണ്ടോയെന്ന് കമീഷൻ പരിശോധിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
ഇത്രയധികം പണമൊഴുക്കാനുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്നും മറ്റു രാഷ്ട്രീയ പാർട്ടികൾ ബി.ജെ.പിയോട് ആവശ്യപ്പെടുന്നുണ്ട്.
ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടി ബി.ജെ.പിക്ക് പുതുമയുള്ളതല്ലെങ്കിലും ബംഗാളിന് ഇത് പരിചയമുള്ളതല്ല. ബിഹാർ തെരഞ്ഞെടുപ്പ് കാലത്തും പാറ്റ്നയിലും സമീപത്തും ആഡംബര ഹോട്ടലുകൾ ബി.ജെ.പി ബുക്ക് ചെയ്തിരുന്നു. അതേസമയം, ബംഗാളിന്‍റെ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ പരിചയമില്ലാത്ത നടപടികൾ ബി.ജെ.പിക്ക് ഗുണമാകുമോ ദോഷമാകുമോ എന്ന് കാത്തിരുന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.